ഗുജറാത്ത് ആരോഗ്യമന്ത്രിയുടെ മകന്റെ കര്‍ഫ്യൂ ലംഘനം ചോദ്യം ചെയ്ത വനിതാ കോണ്‍സ്റ്റബിളിന് സ്ഥലം മാറ്റം

ഗുജറാത്ത് : ആരോഗ്യമന്ത്രി കുമാര്‍ കനാനിയുടെ മകനെയും സുഹൃത്തുക്കളെയും നൈറ്റ് കര്‍ഫ്യൂ ലംഘിച്ചതിനും മാസ്‌ക് ധരിക്കാത്തതിനും ചോദ്യംചെയ്ത വനിതാ കോണ്‍സ്റ്റബിളിന് സ്ഥലം മാറ്റം. ഇവരില്‍ നിന്ന് കോണ്‍സ്റ്റബിളായ സുനിതാ യാദവിന് ഭിഷണി നേരിട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് സുനിത തന്റെ മേലുദ്യോഗസ്ഥനെ വിളിച്ച് പരാതി പറഞ്ഞെങ്കിലും അവരെ സ്ഥലം മാറ്റുകയായിരുന്നു. സൂററ്റിലെ മംഗത്ത് ചൗക്കിലാണ് സംഭവം. പോലിസ് സ്റ്റേഷനില്‍ നിന്നും പോലിസ് ഹെഡ് ക്വാര്‍ട്ടേഴ്സിലേക്കാണ് സ്ഥലം മാറ്റിയത്.

അതേസമയം, സുനിതയും പ്രകാശും തമ്മില്‍ നടന്ന വാക്കുതര്‍ക്കത്തിന്റെ ഓഡിയോ ക്ലിപ്പുകള്‍ വൈറലായി. 365 ദിവസവും നിന്നെ ഇവിടെത്തന്നെ നിറുത്താനുള്ള അധികാരം ഞങ്ങള്‍ക്കുണ്ടെന്ന് പ്രകാശും കൂട്ടരും സുനിതയ്ക്ക് നേരെ ആക്രോശിക്കുമ്പോള്‍, ഞാന്‍ നിങ്ങളുടെ അച്ഛന്മാരുടെ അടിമ അല്ലെന്നായിരുന്നു സുനിതയുടെ മറുപടി. മന്ത്രിയുടെ മകന്‍ പ്രകാശിന്റെ സുഹൃത്തുക്കളെയാണ് സുനിത ആദ്യം തടഞ്ഞുനിറുത്തിയത്. പിന്നീട് ഇവര്‍ പ്രകാശിനെ വിളിച്ചുവരുത്തുകയായിരുന്നു. ഇതിനുശേഷമാണ് ഇവര്‍ സംഘം ചേര്‍ന്ന് സുനിതയെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി സൂററ്റ് സിറ്റി സീനിയര്‍ പോലിസ് ഒഫിസര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →