ആസ്സാമിൽ വെള്ളപ്പൊക്കസമയത്ത് ആടുകളുടെ ഷെഡ്ഡിനെ ആശ്രയിച്ച് കടുവ

കാസിരംഗ: ആസ്സാമിലെ വെള്ളപ്പൊക്കക്കെടുതി മനുഷ്യരേയും മൃഗങ്ങളേയും സാരമായി ബാധിക്കുന്നു.  430 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കാസിരംഗ ദേശീയോദ്യാനം–കടുവസംരക്ഷണകേന്ദ്രത്തിന്റെ 95% ഭാഗവും മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്താൽ ബാധിക്കപ്പെട്ടു. നിരവധി മൃഗങ്ങൾ തങ്ങളുടെ സങ്കേതങ്ങൾ വിട്ട് ഉയർന്ന സ്ഥലങ്ങളിൽ അഭയം പ്രാപിക്കാൻ തുടങ്ങി. എല്ലാ വർഷവും, വെള്ളപ്പൊക്കം കാസിരംഗയെ ഗ്രസിക്കുമ്പോൾ പല വന്യമൃഗങ്ങളും പാർക്കിൽ നിന്ന് കാർബി ആംഗ്ലോംഗ് ജില്ലയിലെ കുന്നുകളിൽ അഭയം പ്രാപിക്കാറുണ്ട്.

ഈയ്യടുത്ത് അഗ്രടോളിയിലെ കണ്ടോലിമാരി ഗ്രാമത്തിലെ ഒരു ആട് ഷെഡ്ഡിനുള്ളിൽ ആശ്രയം കണ്ടെത്തി, ഒരു കടുവ. ശരീരത്തിന്റെ ഭൂരിഭാഗവും വെള്ളത്തിൽ മുങ്ങുന്നതിനുമുൻപ് ഷെഡ്‌ഡിനടിയിൽ കടുവ അഭയം പ്രാപിക്കുന്നതിന്റെ ഫോട്ടോകളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി. ഉച്ചയ്ക്ക് ശേഷം സാഹചര്യം അനുകൂലമായപ്പോൾ ഷെഡ്‌ഡിൽനിന്ന് പുറത്തിറങ്ങിയ കടുവ പാർക്കിലെ അഗ്രടോളി റേഞ്ചിലേക്ക് തിരിച്ചുപോയി. കടുവകളുടേയും ജനങ്ങളുടേയും സുരക്ഷ ഉറപ്പാക്കാൻ വളരെയധികം ശ്രദ്ധിക്കുന്നുണ്ടെന്ന് നാഷണൽ പാർക്ക് ഡയറക്ടർ പി. ശിവകുമാർ അറിയിച്ചു.

ഈ സീസണിൽ കാട്ടുപന്നി, ചതുപ്പ് മാൻ, ഹോഗ് മാൻ എന്നിവയുൾപ്പെടെ 9 മൃഗങ്ങൾ മുങ്ങിമരിച്ചതായും, 11 ഹോഗ് മാനുകൾ വാഹനങ്ങളിൽ തട്ടിയും, 12 മൃഗങ്ങൾ ചികിത്സയ്ക്കിടേയും മരണമടഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. വെള്ളപ്പൊക്കത്തിൽ 35 മാനുകൾക്ക് പരിക്കേറ്റു, 1 മാൻ വാഹനാപകടത്തിൽപ്പെട്ടു. സ്വാഭാവികമരണം സംഭവിച്ച ഒരു കാണ്ടാമൃഗത്തിന്റെ അവശിഷ്ടങ്ങൾ കഴിഞ്ഞ മാസം കണ്ടെത്തുകയുണ്ടായി. പാർക്കിൽ പട്രോളിംഗ് നടത്താൻ വനം ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന 223 ക്യാമ്പുകളിൽ 166 എണ്ണം വെള്ളത്തിൽ മുങ്ങി. ജലനിരപ്പ് ഉയരുന്നതിനാൽ അതിൽ 7 എണ്ണം കാലിയാക്കപ്പെടേണ്ട ഗതിയും വന്നു.

അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (ASDMA) യുടെ കണക്കനുസരിച്ച്, സംസ്ഥാനത്തെ 33 ജില്ലകളിൽ 27 എണ്ണത്തിലെ 21 ലക്ഷത്തിലധികം ആളുകളുടെ ജീവിതം വെള്ളപ്പൊക്കത്താൽ സാരമായി ബാധിക്കപ്പെട്ടു.    

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →