തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിക്കവേ കസ്റ്റംസ് തടഞ്ഞുവച്ച ഡിപ്ലോമാറ്റ് ബാഗേജ് വിട്ടുകിട്ടാന്‍ നാലുദിവസം കിണഞ്ഞുശ്രമിച്ച സ്വപ്ന ഒളിവില്‍പോയത് ബാഗേജ് പരിശോധന തുടങ്ങിയപ്പോള്‍. ആറുദിവസമായി ഒളിവില്‍ കഴിയുന്ന സ്വപ്നയുടെ ഒളിസങ്കേതം കണ്ടെത്തിയെന്നാണു സൂചന. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുമോയെന്നാണ് എന്‍ഐഎ കാത്തിരിക്കുന്നത്. അതുകഴിഞ്ഞാലുടന്‍ അറസ്റ്റ് ഉണ്ടാവുമെന്നും അറിയുന്നു.
ജൂലൈ അഞ്ചിന് ഉച്ചയ്ക്ക് ഒരുമണിക്കാണ് ബാഗേജ് പരിശോധന തുടങ്ങിയത്. വൈകീട്ട് ആറിന് പൂര്‍ത്തിയാവുകയും ചെയ്തു. 3.15ന് സ്വപ്ന മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. സന്ദീപ് നായര്‍ 2013 മുതല്‍ സ്വര്‍ണക്കടത്തു രംഗത്തുണ്ടെന്നും കസ്റ്റംസിന്റെ നോട്ടപ്പുള്ളിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. 2014ല്‍ കോടതി നിര്‍ദേശപ്രകാരം ഇയാള്‍ അറസ്റ്റിലായെങ്കിലും തൊണ്ടിയായി തെളിവില്ലെന്ന കാരണത്താല്‍ ശിക്ഷ ലഭിച്ച്ില്ല. സന്ദീപ് നായര്‍ ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല.
കേസില്‍ ഇപ്പോള്‍ നാലുപേരാണ് പ്രതികള്‍. എണ്ണം ഇനിയും വര്‍ധിച്ചേക്കും. ജീവപര്യന്തം തടവുവരെ ലഭിക്കാവുന്ന വകുപ്പുകളാണ് നിലവില്‍ പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കസ്റ്റംസ് ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കൈമാറിയിട്ടുണ്ട്. വിമാനത്താവളത്തിനു പുറത്ത് നഗരത്തിലെ പത്ത് ജങ്ഷനുകളിലെ ഒരു മാസത്തെ ക്യാമറദൃശ്യങ്ങളാണ് വെള്ളിയാഴ്ച കൈമാറിയത്. കസ്റ്റംസ് അന്വേഷിക്കുന്ന കൊച്ചിയിലെ കാര്‍ ഈ ദൃശ്യങ്ങളില്‍ ഇല്ലെന്നാണ് സൂചന. സംഭവത്തില്‍ അന്താരാഷ്ട്ര ഭീകരസംഘടനയായ ഐഎസിന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതും എന്‍ഐഎ അന്വേഷിക്കും.
യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ ഡിപ്ലോമാറ്റ് ചാനലില്‍ ഭക്ഷണസാധനങ്ങളാണെന്ന ലേബലിലാണ് സ്വര്‍ണമെത്തിയത്. ബാഗേജില്‍ സ്വര്‍ണംകടത്താന്‍ സംഘത്തെ ഉപയോഗിച്ചതിനു പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്കു പങ്കുണ്ടെങ്കില്‍ അത് രാജ്യസുരക്ഷയ്ക്കു വന്‍ ഭീഷണിയാണെന്ന വിലയിരുത്തലാണ് എന്‍ഐഎ.

