ന്യൂഡല്‍ഹി: ലോകരാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വഭാവ രൂപീകരണത്തിന് കാരണം അദ്ദേഹത്തിന്റെ പിതാവാണെന്നും പിതാവില്‍ നിന്ന് അദ്ദേഹം വൈകാരിക പീഡനത്തിന് ഇരയായെന്നും വെളിപ്പെടുത്തല്‍. ട്രംപിനേയും അദ്ദേഹത്തെ സൃഷ്ടിച്ച കുടുംബത്തേയും കുറിച്ചുള്ള ആധികാരിക ചിത്രമെന്ന അവകാശവാദത്തോടെ പുറത്തിറങ്ങുന്ന ‘ലോകത്തെ ഏറ്റവും അപകടകാരിയായ മനുഷ്യനെ എങ്ങനെ എന്റെ കുടുംബം സൃഷ്ടിച്ചു’ എന്ന പുസ്തകത്തില്‍ മരുമകള്‍ മേരി ട്രംപിന്റെതാണ് വെളിപ്പെടുത്തല്‍. ട്രംപിനെയും അദ്ദേഹം പിറന്ന കുടുംബത്തെയും കുറിച്ചുള്ള ആധികാരിക ചിത്രമാണ് പുസ്തകം വാഗ്ദാനം ചെയ്യുന്നതെന്ന് പ്രസാധകര് പറയുന്നു.
ടൂ മച്ച് ആന്റ് നെവര്‍ ഇനഫ് : ഹൗ മൈ ഫാമിലി ക്രീയേറ്റഡ് ദി വേള്‍ഡസ് മോസ്റ്റ് ഡേഞ്ചറസ് മേന്‍’ എന്നാണ് പുസ്തകത്തിന്റെ പേര്. ട്രംപിന്റെ സ്ത്രീലമ്പടത്ത്വം, ഫ്രെഡ് ട്രംപും അദ്ദേഹത്തിന്റെ മൂത്തമക്കളായ ഫ്രെഡ് ജൂനിയറും ഡൊണാള്‍ഡും തമ്മിലുള്ള വിചിത്രവും ദോഷകരവുമായ ബന്ധം ഉള്‍പ്പെടെ, അവഗണനയുടെയും ദുരുപയോഗത്തിന്റെയും ദാരുണവും വിനാശകരവുമായ കഥയാണ് പുസ്തകം പറയുന്നതെന്ന് ആമസോണില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു.
പുസ്തകത്തിന്റെ പുറംചട്ടയില്‍ എഴുതിയിരിക്കുന്നത് മൂന്നാം വയസിലുള്ള ട്രംപിന്റെ ജീവിതാവസ്ഥയെ കുറിച്ചാണ്. ആ വരികള്‍ ഇങ്ങനെ വിവര്‍ത്തനം ചെയ്യാം…. മൂന്നാം വയസുമുതല്‍ അസുഖം ബാധിച്ച ഒരു അമ്മയും സ്നേഹം ഒന്നുമല്ലെന്നും ആകെ വേണ്ടത് ബഹുമാനം മാത്രമാണെന്നും വിശ്വസിച്ച്, തന്റെ ജോലിയില്‍ മാത്രം ശ്രദ്ധിച്ച അച്ഛനും ചേര്‍ന്നാണ് ട്രംപിനെ വളര്‍ത്തിയത്. അതിനാല്‍ ഡൊണാള്‍ഡിന് വളരാനോ പഠിക്കാനോ മാറാനോ കഴിഞ്ഞില്ല. ഇന്നും വികാരങ്ങളെ നിയന്ത്രിക്കാനാകുന്നില്ല. പ്രതികരണങ്ങളില്‍ മിതത്വം പാലിക്കാനോ വിവരങ്ങള്‍ സമന്വയിപ്പിക്കാനോ കഴിയുന്നില്ല.’
ഡൊണാള്‍ഡ് ട്രംപും നാല് സഹോദരങ്ങളും വളര്‍ന്ന ക്വീന്‍സിന്റെ ഹൃദയഭാഗത്തുള്ള മുത്തശ്ശിയുടെ വീട്ടിലാണ് മേരിയും വളര്‍ന്നത്.
ട്രംപിന്റെ സഹോദരിയും വിരമിച്ച ഫെഡറല്‍ ജഡ്ജിയുമായ മേരിയാന ട്രംപ് ബാരിയുമായുള്ള സംഭാഷണം കൂടി പുസ്തകത്തില്‍ മേരി ചേര്‍ത്തിട്ടുണ്ടെന്നാണ് ഡെയ്ലി ബീസ്റ്റ് പുറത്തു വിട്ട വാര്‍ത്തയില്‍ പറയുന്നത്. പിതാവിന്റെ 400 ദശലക്ഷം ഡോളറിന്റെ റീയല്‍ എസ്റ്റേറ്റ് സാമ്രാജ്യം സ്വന്തം കൈപ്പിടിയില്‍ എത്തിയത് എങ്ങനെയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും പുസ്തകത്തില്‍ ഉണ്ട്.
പുസ്തകം പുറത്തിറങ്ങുന്നത് തടയാന്‍ ട്രംപ് കുടുംബം ശ്രമിച്ചത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ട്രംപിന്റെ സഹോദരനും മേരിയുടെ പിതാവുമായ ഫ്രെഡ് ട്രംപിന്റെ മരണത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകളും പുസ്തകത്തിലുണ്ടെന്നാണ് വിവരം. മദ്യത്തിന് അടിമയായതിനെ തുടര്‍ന്ന് 1981 ല്‍ തന്റെ 42ാം വയസ്സിലാണ് ഫ്രെഡ് മരിക്കുന്നത്. അക്കാലത്ത് അദ്ദേഹത്തെ സഹായിക്കാന്‍ താന്‍ ഒന്നും ചെയ്തിരുന്നില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് ഈയിടെ കുറ്റസമ്മതം നടത്തിയിരുന്നു. ന്യൂയോര്‍ക്ക് ടൈംസിന് പുലിറ്റ്സര്‍ അവാര്‍ഡ് നേടിക്കൊടുത്ത പ്രസിഡന്റ് ട്രംപിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്‍ താനായിരുന്നുവെന്ന് മേരി ട്രംപ് തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ടെന്നും സൂചനയുണ്ട്.

