സ്വർണക്കടത്ത് കേസിൽ മൂന്ന് കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഉണ്ടാകുമെന്ന് വിവരം

തിരുവനന്തപുരം: യുഎഇയുടെ തിരുവനന്തപുരത്തെ കോൺസുലേറ്റ് വഴി ഡിപ്ലോമാറ്റിക് ചാനലിൽ സ്വർണ്ണം കടത്തിയ സംഭവത്തിൽ കസ്റ്റംസ് നടത്തുന്ന അന്വേഷണത്തിന് പുറമേ ദേശീയ അന്വേഷണ ഏജൻസി സിബിഐ എന്നീ ഏജൻസികൾ അന്വേഷണം നടത്തുമെന്ന് വിവരം. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആയിരിക്കും ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുക. കടത്തിക്കൊണ്ടു വരുന്ന സ്വർണം ആരുടെ കരങ്ങളിലേക്ക് പോകുന്നു?, പണം എന്ത് കാര്യത്തിന് വിനിയോഗിക്കുന്നു? തുടങ്ങിയ കാര്യങ്ങൾ ദേശസുരക്ഷയുമായി ബന്ധപ്പെട്ട പ്രാധാന്യമുള്ളതാണ്. ഇതേപ്പറ്റിയാവും ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുക. കസ്റ്റംസ് അന്വേഷണത്തിന് പരിമിതി ഉണ്ട്.

രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന വിധം ബന്ധപ്പെട്ട് കിടക്കുന്നതാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ള കക്ഷികളും അവരുടെ ബന്ധങ്ങളും. കോൺസുലേറ്റിലെ അറ്റാഷെ, മറ്റ് ഉദ്യോഗസ്ഥർ ഇവരെല്ലാം നയതന്ത്രപരിരക്ഷ ഉള്ളവരാണ്. ഇവരെ ചോദ്യം ചെയ്യുന്നതിന് ഇരുരാജ്യങ്ങളുടെയും ഇടപെടലും സമ്മതിയും ആവശ്യമാണ്. ഇത് മറികടന്നുകൊണ്ട് ചോദ്യംചെയ്യൽ നടത്തുവാൻ കസ്റ്റംസിന് കഴിയുകയില്ല. ഈ സാഹചര്യത്തിൽ സിബിഐയുടെ ഇടപെടലും അന്വേഷണവും ആവശ്യമായിവരും. ഇതു സംബന്ധിച്ച വിവരങ്ങൾ കൊച്ചി കസ്റ്റംസ് കമ്മീഷണർ കേന്ദ്ര സർക്കാരിന് ധരിപ്പിച്ചിട്ടുണ്ട്.

കോൺസുലേറ്റിലെ അറ്റാഷെ അടക്കമുള്ളവരെ ചോദ്യം ചെയ്യുന്ന ആവശ്യം ഇതിൽ ഉണ്ട്. സ്വർണ്ണം ഡിപ്ലോമാറ്റിക് ചാനൽ വഴി കടത്തിക്കൊണ്ടുവന്ന സംഭവവുമായി തനിക്ക് ബന്ധമില്ലെന്ന് കോൺസുലേറ്റ് അറിയിച്ചു. സിബിഐ അടക്കം അന്വേഷണ ഏജൻസികളോട് കോൺസുലേറ്റ് എല്ലാവിധത്തിലും സഹകരിക്കുമെന്നും പറഞ്ഞു.

കേന്ദ്രസർക്കാർ വളരെ ഗൗരവത്തോടെയാണ് കോൺസുലേറ്റ് സൗകര്യങ്ങൾ ഉപയോഗിച്ച് സ്വർണം കടത്തിയതിനെ കാണുന്നത്. ധനകാര്യ മന്ത്രി നിർമ്മല സീതാരാമനുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി കെ മുരളീധരൻ ചർച്ച നടത്തുകയുണ്ടായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →