മുണ്ടക്കയം: ഭാര്യയുടെയും രണ്ട് വയസുള്ള മകന്റെയും മുന്നില്‍ വച്ച് യുവാവ് കുത്തേറ്റ് മരിച്ചു. മുണ്ടക്കയം ബൈപാസ് റോഡില്‍, പടിവാതുക്കല്‍ ആദര്‍ശ് (32) ആണ് കൊല്ലപ്പെട്ടത്. ആദര്‍ശിന്റെ പരിചയക്കാരനായ പുതുപ്പറമ്പില്‍ ജയനാണ്(43) കുത്തിക്കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയില്‍ കരിനിലത്തായിരുന്നു സംഭവം.
പുതുപറമ്പില്‍ ജയന്‍ (ക്രിമിനല്‍ ജയന്‍) പോലീസ് കസ്റ്റഡിയിലായി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും. മറ്റ് രണ്ട് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ചൊവ്വാഴ്ച രാത്രി സുഹൃത്തിന്റെ വീട്ടിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ആദര്‍ശ്. പുത്തന്‍ ചന്തയ്ക്ക് സമീപം വച്ച് ജയന്റ വാഹനം മറികടന്നുപോയി. ക്ഷുഭിതനായ ആദര്‍ശ് ജയനെ ചീത്ത വിളിച്ചു. കുറച്ച് ദൂരം മാറ്റി ജയന്‍ വാഹനം നിര്‍ത്തി. പിന്നാലെ ആദര്‍ശും എത്തി. ഇരുവരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. ഇതിന് ശേഷം ഇരുകൂട്ടരും മടങ്ങി. പിന്നീട് അര്‍ദ്ധരാത്രിയോടെ രണ്ടു പേരേയും കൂട്ടി ജയന്‍ ആദര്‍ശിന്റെ വീടിനടുത്തെത്തി. വീടിന് സമീപം കരിനിലം റോഡില്‍ വച്ച് വീണ്ടും കയ്യാങ്കളി ഉണ്ടാകുകയും പ്രതികള്‍ ആദര്‍ശിന്റെ വയറ്റില്‍ കത്തി കൊണ്ട് കുത്തുകയും ചെയ്തു. നാട്ടുകാര്‍ ആദര്‍ശിനെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കുവാനായില്ല.
ആദര്‍ശിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മുണ്ടക്കയത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
അച്ഛന്‍: കുഞ്ഞുമോന്‍
അമ്മ: വാസന്തി
ഒരു സഹോദരിയും ഉണ്ട്

