ഗുജറാത്ത്: തെലങ്കാന സ്വദേശിയെ കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവ് ചെയ്ത് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച 6 പോലിസുകാര്‍ക്കെതിരെ ഗൂജറാത്തില്‍ കേസ്. 65കാരനായ ബാബു ശെയ്ഖാണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 2019 നാണ് ഇയാളെ കാണാതായത്. ഫുല്‍വാഡി പ്രദേശത്ത് നടന്ന മോഷണകേസുമായി ബന്ധപ്പെട്ട് ഇയാളെ പോലിസ് കസ്റ്റഡില്‍ എടുത്തിരുന്നു. പിന്നീട് ഇയാളെ ആരും കണ്ടിട്ടില്ലായിരുന്നു.
കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് ഇയാള്‍ക്ക് വേണ്ടി ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന, രാജസ്ഥാന് എന്നിവിടങ്ങളില്‍ പോലീസ് സംഘങ്ങള്‍ അന്വേഷണം നടത്തി. എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല- വഡോദര പോലീസ് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എസ് ജി പാട്ടീല്‍ പറഞ്ഞു.
അതേസമയം, പിതാവിന്റെ തിരോധാനത്തില്‍ തിരിമറി ആരോപിച്ച് ശെയ്ഖിന്റെ മകന് വഡോദര പോലീസ് കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു. ഇതിനെത്തുടര്‍ന്ന്, അസിസ്റ്റന്റ് കമ്മീഷണറുടെ കീഴില്‍ രഹസ്യ അന്വേഷണം ആരംഭിച്ചു. എന്നാല്‍ ശെയ്ഖിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് ജൂണ്‍ 20 ന് കുടുംബം ഹൈബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ജൂണ്‍ 25ന് അന്വേഷണ ചുമതല എസ് ജി പാട്ടീലിന് നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തെളിവുകളുടെ അഭാവത്തില്‍ മോഷണ കുറ്റത്തിന് കസ്റ്റഡിയിലെടുത്ത ശെയ്ഖിനെ ഡിസംബര്‍ 10ന് വൈകിട്ട് 7.25ന് പറഞ്ഞുവിട്ടതായി പോലിസ് രേഖകളില്‍ കണ്ടെത്തി. എന്നാല്‍ സ്റ്റേഷനില്‍ നിന്ന് ശെയ്ഖ് പോയത് കണ്ട സാക്ഷികളില്ലായിരുന്നു. സിസിടിവി കാമറയിലും അദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇന്‍സ്പെക്ടര്‍ ഡിബി ഗോഹില്‍ അടക്കമുള്ള ആറ് പോലിസുകാര്‍ക്കെതിരേ കേസെടുത്തതെന്ന് പട്ടീല്‍ പറഞ്ഞു.

