തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജില്‍നിന്ന് 30 കിലോയോളം സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ കൈമലര്‍ത്തി യുഎഇ കോണ്‍സുലേറ്റ്. ദുബയില്‍നിന്ന് ഭക്ഷണസാധനങ്ങള്‍ എത്തിക്കാന്‍ മാത്രമാണ് ഓര്‍ഡര്‍ നല്‍കിയിരുന്നതെന്നും മുന്‍ പിആര്‍ഒയെയാണ് ഇതിന് ചുമതലപ്പെടുത്തിയതെന്നും കോണ്‍സുല്‍ കസ്റ്റംസിനെ അറിയിച്ചു. ഇതേത്തുടര്‍ന്ന് മുന്‍ പിആര്‍ഒയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ വരും ദിവസങ്ങളില്‍ ചോദ്യംചെയ്യും. കസ്റ്റംസ് കമ്മീഷണറുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് അന്വേഷണം.
കഴിഞ്ഞമാസം 30ന് തലസ്ഥാനത്തെത്തിയ കാര്‍ഗോയിലാണ് 15 കോടിയുടെ സ്വര്‍ണം കണ്ടെത്തിയത്. ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണക്കടത്ത് ഇതാദ്യമായാണ്. വിദേശത്തുനിന്ന് ഡിപ്ലോമാറ്റിക് പാക്കേജ് ആയി എത്തിയതിനാല്‍ വേഗത്തില്‍ പരിശോധന പൂര്‍ത്തിയാവുന്ന സാഹചര്യമാണുള്ളത്. എങ്കിലും ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് സ്വര്‍ണം പിടികൂടാനായത്.
നയതന്ത്ര വിഷയമായതിനാല്‍ വിദേശകാര്യമന്ത്രാലയം ഉള്‍പ്പെടെ ഉന്നത ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. ദുബയില്‍ നിന്ന് കാര്‍ഗോ അയച്ചതുമുതല്‍ സമഗ്ര അന്വേഷണം നടത്തേണ്ടിവരുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ കണ്ടെത്തിയതിനാല്‍ ഏറെ കരുതലോടെയാണ് കസ്റ്റംസിന്റെ അന്വേഷണം.

