ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിന്റെ ചിത്രം പകര്‍ത്തി മംഗല്‍യാന്‍

ന്യൂഡല്‍ഹി: ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിന്റെ ഏറ്റവും വ്യക്തമായ ചിത്രം പകര്‍ത്തി മംഗല്‍യാന്‍. മംഗല്‍യാന്റെ ഓര്‍ബിറ്റര്‍ മിഷനിലെ മാര്‍സ് കളര്‍ ക്യാമറ (എംസിസി)യാണ് ഈ മാസം ഒന്നിനു ഫോബോസിന്റെ ചിത്രം പകര്‍ത്തിയത്. ചൊവ്വയുടെ ഏറ്റവും വലുതും ഈ ഗ്രഹത്തോട് ഏറ്റവും അടുത്തുമുള്ള ഉപഗ്രഹമാണ് ഫോബോസ്. ചിത്രമെടുക്കുമ്പോള്‍ ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് 7200ഉം ഫോബോസില്‍ നിന്ന് 4,200ഉം കിലോമീറ്റര്‍ അകലെയായിരുന്നു എംസിസി.

എംസിസി എടുത്ത ആറ് ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഫോബോസിന്റെ ഒരു ചിത്രമാക്കി ഇസ്രൊ ട്വിറ്ററിലൂടെ പുറത്തുവിട്ടു. സൗരയൂഥത്തിന്റെ തുടക്കകാലത്ത് രൂപപ്പെട്ട പൊടിപടലങ്ങളും ഉല്‍ക്കാശകലങ്ങളുമെല്ലാം ചേര്‍ന്നു രൂപപ്പെട്ട കാര്‍ബണ്‍സമൃദ്ധവും ശിലാസമാനവുമായ ഉപഗ്രഹമാണ് ഫോബോസ് എന്നാണു കരുതുന്നത്. ഫോബോസിലെ ഏറ്റവും വലിയ കിടങ്ങും (സ്റ്റിക്ക്‌നി) ചിത്രത്തിലുണ്ട്. പരിണാമത്തിന്റെ ഏതോ കാലത്ത് മറ്റേതോ വസ്തുവുമായി കൂട്ടിയിടിച്ചപ്പോള്‍ ഫോബോസിലെ ഒരു ഭാഗം അടര്‍ന്നുണ്ടായതാണ് സ്റ്റിക്ക്‌നി കിടങ്ങെന്നു കരുതുന്നു. മറ്റു മൂന്നു കിടങ്ങുകള്‍ കൂടിയുണ്ട് ഫോബോസില്‍. ഇവയും ചിത്രത്തിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →