യുവതിയുടെ മരണം സംശയാസ്പദം, ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: യുവതിയുടെ മരണം സംശയാസ്പദമെന്നും മരണത്തിലെ ദുരൂഹതയെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നുമാവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് ഷഹാന (24)യെ ഭര്‍ത്താവ് ബാലരാമപുരം പുലിയൂര്‍ക്കോണം നെല്ലിപ്പറമ്പ് തേരിവിള പുത്തന്‍വീട്ടില്‍ ഷെഫീക്കിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഷഹാന മരിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് പിതാവ് ഷാജഹാനുമായി ഫോണില്‍ സംസാരിച്ചിരുന്നു. തുടര്‍ന്ന് ഷഹാനയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം തൂങ്ങിമരിച്ചതാണെന്ന് ഷെഫീക്കിന്റെ ബന്ധുക്കള്‍ പ്രചരിപ്പിക്കുകയാണുണ്ടായതെന്നും ഷാജഹാന്‍ പരാതിയില്‍ പറയുന്നു.

2015 ജൂലൈ 30നായിരുന്നു ഷഹാനയുടെയും ഷെഫീക്കിന്റെയും വിവാഹം. സ്ത്രീധനം കുറഞ്ഞുപോയി എന്നുപറഞ്ഞ് ഭര്‍തൃവീട്ടില്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഷഹാന ഇരയായി. സ്വര്‍ണവും പണവും കൈക്കലാക്കിയ ഷെഫീക്ക് ഉച്ചക്കടയില്‍ മൊബെല്‍ ആക്‌സസറീസ് ഷോപ്പ് തുടങ്ങുകയും കാര്‍ വാങ്ങുകയും ചെയ്തു. വിവിധ സ്ത്രീകളുമായി ഷെഫീക്കിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയ ഷഹാന ഈ വിവരം നേരത്തെ മാതാപിതാക്കളെ അറിയിച്ചിരുന്നു.

ഇവര്‍ക്ക് ഒന്നരവയസുള്ള ഒരു ആണ്‍കുട്ടിയുണ്ട്. പോസ്റ്റ്മാര്‍ട്ടം റിപോര്‍ട്ടിലും ഷഹാനയുടെ ശരീരത്തില്‍ മുറിവുകളുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ഷഹാനയുടെ മരണവാര്‍ത്തയറിഞ്ഞ ഷെഫീക്ക് മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാതെ മുന്‍കൂര്‍ ജാമ്യം നേടുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →