തരൂര്‍ മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷന്‍ സെറ്റുകള്‍ വിതരണം ചെയ്യും

പാലക്കാട്:തരൂര്‍ മണ്ഡലത്തിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി അവശേഷിക്കുന്ന 638 വിദ്യാര്‍ത്ഥികള്‍ക്ക് 122 ടെലിവിഷന്‍ സെറ്റുകള്‍ നല്‍കും. പട്ടികജാതി -പട്ടികവര്‍ഗ -പിന്നോക്കവിഭാഗ ക്ഷേമ -നിയമ- സാംസ്‌കാരിക- പാര്‍ലമെന്ററി കാര്യ മന്ത്രി എ കെ ബാലന്‍ ജൂലൈ അഞ്ചിന് രാവിലെ 10 ന് വടക്കഞ്ചേരി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിതരണോദ്ഘാടനം നിര്‍വഹിക്കും. 108 അങ്കണവാടികള്‍ക്കും, 13 ലൈബ്രറികള്‍ക്കും, ഒരു പകല്‍ വീടിനുമാണ് ടെലിവിഷന്‍ സെറ്റ് അനുവദിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ഏറ്റവും അടുത്തുള്ള അങ്കണവാടിയിലോ ലൈബ്രറിയിലോ പോയി ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ കഴിയും.

മണ്ഡലത്തിലെ 56 അംഗനവാടികള്‍ക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും നല്‍കിയിട്ടുണ്ട്. 38 ലൈബ്രറികളില്‍ കമ്പ്യൂട്ടര്‍, അനുബന്ധ ഉപകരണങ്ങള്‍, എല്‍ സി ഡി പ്രൊജക്ടര്‍, സ്‌ക്രീന്‍ എന്നിവ നല്‍കിയിട്ടുണ്ട്. ലൈബ്രറികളിലെ വലിയ സ്‌ക്രീന്‍ സൗകര്യം പ്രയോജനപ്പെടുത്തി ശാരീരിക അകലം ശരിയായി പാലിച്ചുകൊണ്ട് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ കഴിയും.

മണ്ഡലത്തില്‍ വിദ്യാഭ്യാസ പുരോഗതിക്കായി നടപ്പാക്കിയ മെറിറ്റ് പദ്ധതി പ്രകാരം സ്‌കൂളുകള്‍ക്ക് കെട്ടിടമടക്കമുള്ള പശ്ചാത്തല സൗകര്യങ്ങള്‍, ലാബ്, ലൈബ്രറി, കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവക്കായി ഇതിനകം 52. 34 കോടി രൂപ ചെലവഴിച്ചു. എട്ടു മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആക്കി മാറ്റി. മെറിറ്റ് പദ്ധതിയുടെ കൂടി ഫലമായി ഇക്കൊല്ലത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ മണ്ഡലത്തിലെ 14 ഹൈസ്‌കൂളുകളില്‍ ഒമ്പതെണ്ണത്തിലും 100 ശതമാനം വിജയം നേടാന്‍ കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് നാല് സ്‌കൂള്‍ ആയിരുന്നു. ഇക്കൊല്ലം 205 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 118 ആയിരുന്നു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5861/Online-education.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →