ഇടുക്കിയില്‍ സ്വകാര്യ റിസോര്‍ട്ടില്‍ ബെല്ലി ഡാന്‍സും നൈറ്റ് പാര്‍ട്ടിയും; കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ശാന്തന്‍പാറ പൊലീസ് കേസെടുത്തു

നെടുങ്കണ്ടം(ഇടുക്കി): ഇടുക്കിയില്‍ സ്വകാര്യ റിസോര്‍ട്ടില്‍ ബെല്ലി ഡാന്‍സും നൈറ്റ് പാര്‍ട്ടിയും. ശാന്തന്‍പാറയ്ക്കു സമീപം രാജാപ്പാറയിലുള്ള സ്വകാര്യ റിസോര്‍ട്ടിലാണ് വ്യവസായി നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും മദ്യസല്‍ക്കാരവും സംഘടിപ്പിച്ചത്. കൊവിഡ് പ്രതിരോധ നിയന്ത്രണ നിയമങ്ങള്‍ കാറ്റില്‍പറത്തി നടത്തിയ ആഘോഷത്തില്‍ 300ഓളം പേര്‍ പങ്കെടുത്തെന്നാണ് വിവരം.

നെടുങ്കണ്ടത്തിനടുത്ത് ചതുരംഗപ്പാറയില്‍ തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിച്ച വ്യവസായ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ജൂണ്‍ 28ന് ഡിജെ പാര്‍ട്ടിയും ബെല്ലി ഡാന്‍സ് ഉള്‍പ്പെടെയുള്ള പരിപാടികളും സംഘടിപ്പിച്ചത്. സിനിമാതാരങ്ങളും ഇടുക്കിയിലെ ജനപ്രതിനിധികളടക്കം പൊതുപ്രവര്‍ത്തകരും ഉന്നതോദ്യോഗസ്ഥരും മതമേലധ്യക്ഷന്മാരും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തിരുന്നു. നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവരം പുറത്തായത്.

സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് റിസോര്‍ട്ടില്‍ ഡിജെ പാര്‍ട്ടിക്കുള്ള സംവിധാനങ്ങള്‍ ഒരുക്കിയത്. മദ്യപിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പാടാക്കിയിരുന്നു. ബെല്ലി ഡാന്‍സിനായി നര്‍ത്തകിയെ സംസ്ഥാനത്തിന് പുറത്തുനിന്നാണ് എത്തിച്ചത്. രാത്രി എട്ടിന് തുടങ്ങിയ പരിപാടി ആറു മണിക്കൂറോളം നീണ്ടു. സംഭവത്തില്‍ തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയി കുര്യനെതിരേ ശാന്തന്‍പാറ പൊലീസ് കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →