മാല പൊട്ടിക്കാന്‍ ശ്രമിച്ച കള്ളനെ വീട്ടമ്മ സ്‌കൂട്ടറില്‍ പിന്തുടര്‍ന്നത് രണ്ടര കിലോമീറ്റര്‍; പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയം: പച്ചക്കറി വാങ്ങാന്‍ മാര്‍ക്കറ്റിലേക്ക് പോയ യുവതിയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച യുവാവിന്റെ പിറകെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്നത് രണ്ടര കിലോമീറ്റര്‍. ഇരവിമംഗലം ചെരിയംകുന്നേല്‍ സോജോയുടെ ഭാര്യ ജസ്പിക്കാണ് (34) കവര്‍ച്ചശ്രമത്തിനിടെ പരിക്കേറ്റത്. മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറില്‍നിന്നു വീണ ജസ്പി മോഷ്ടാവിന്റെ പിന്നാലെ സ്‌കൂട്ടറില്‍ പോയെങ്കിലും പിടികൂടാനായില്ല. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് കുറുപ്പുന്തറ ചില്ലിങ് പ്ലാന്റ് റോഡിലാണ് സംഭവം.

പച്ചക്കറി വാങ്ങി വീട്ടിലേക്ക് മടങ്ങുംവഴിയാണ് പിറകെ സ്‌കൂട്ടറിലെത്തിയ തസ്‌കരന്‍ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചത്. മാലയില്‍ പിടിമുറുകിയെങ്കിലും യുവാവിന് മാല വിട്ടുകൊടുത്തില്ല. യുവതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ മറിഞ്ഞതോടെ യുവാവ് സ്‌കൂട്ടറില്‍ കടന്നു. കറത്ത ഷര്‍ട്ടും ഹെല്‍മെറ്റും മാസ്‌കും ധരിച്ചയാളാണ് മാല മോഷ്ടിക്കാന്‍ ശ്രമിച്ചതെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇയാള്‍ക്കായി കടുത്തുരുത്തി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് നിര്‍ബന്ധമാക്കിയതോടെ അതിന്റെ മറപറ്റി കുറ്റകൃത്യങ്ങളും ഏറിയിട്ടുണ്ട്. സമൂഹത്തോട് കൂടുതല്‍ ഉത്തരവാദിത്തമുള്ള പൗരന്‍ എന്ന വിശേഷണം ലഭിക്കുമെന്നതിനാല്‍ മിക്കവരും മാസ്‌ക് ഒരു ശീലമാക്കിയിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തക്കപ്പെടാതിരിക്കാന്‍ പൊലീസിന്റെയും സമൂഹത്തിന്റെയും സംയുക്തമായ ജാഗ്രത ആവശ്യമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →