റബ്ബര്‍ വിപണനത്തിനായി റബ്ബര്‍ബോര്‍ഡ് ഇ -പ്ലാറ്റ്‌ഫോം സജ്ജമാക്കുന്നു

തിരുവനന്തപുരം: പ്രകൃതിദത്ത റബ്ബര്‍വിപണിയിലെ ക്രയവിക്രയങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനും ഇടപാടുകാരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും റബ്ബര്‍ബോര്‍ഡ്ഒരു ഇ-ട്രേഡിങ് പ്ലാറ്റ്‌ഫോം സജ്ജമാക്കുന്നു. റബ്ബര്‍ കൈമാറ്റം ചെയ്യുന്നതിനുള്ള മറ്റൊരു വിപണന മാര്‍ഗ്ഗം കൂടിയാണിത്. റബ്ബര്‍ബോര്‍ഡുമായി ചേര്‍ന്ന്‌സംയുക്തസംരംഭമായി ഒരു ഇ-ട്രേഡ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തിപ്പിക്കുന്നതിന് ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്‌ഫോം ദാതാക്കളില്‍ നിന്ന്‌ ബോര്‍ഡ് അപേക്ഷകള്‍ (എക്‌സ്പ്രഷന്‍ ഓഫ്ഇന്ററസ്റ്റ്) ക്ഷണിച്ചു. അപേക്ഷസംബന്ധമായവിശദവിവരങ്ങള്‍ റബ്ബര്‍ ബോര്‍ഡിന്റെ വെബ്‌സൈറ്റായ www.rubberboard.org.in-ല്‍ നിന്നും സെന്‍ട്രല്‍ പബ്ലിക് പ്രൊക്യുര്‍മെന്റ് പോര്‍ട്ടലില്‍ നിന്നും ലഭ്യമാണ്.

ഉത്പാദകരും വ്യാപാരികളും ഉത്പന്നനിര്‍മ്മാതാക്കളുമടങ്ങുന്ന നിലവിലെ വ്യാപാര ശൃംഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും അവരെ ഈ ട്രേഡിങ് പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ഷിക്കുകയും ചെയ്യാനാണ് പദ്ധതി. എല്ലാ കാര്‍ഷികോത്പന്നങ്ങള്‍ക്കും ഇ-ട്രേഡിങ് ആരംഭിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നയത്തിന് അനുസൃതമായാണിത്. കര്‍ഷകക്കൂട്ടായ്മകളായ റബ്ബറുത്പാദകസംഘങ്ങള്‍, സഹകരണസ്ഥാപനങ്ങള്‍, റബ്ബര്‍ബോര്‍ഡ്ഉടമസ്ഥതയിലുള്ള കമ്പനികള്‍, ഗ്രാമതലത്തില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട റബ്ബര്‍ വ്യാപാരികള്‍ എന്നിവരെ ഇ പ്ലാറ്റ്‌ഫോമുകളില്‍ പങ്കെടുക്കുന്നതിന് പ്രോത്സാഹിപ്പിക്കുകയും അതിലൂടെ വിപണനരംഗത്ത് കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നതിനുള്ള അവസരങ്ങള്‍ നല്‍കുകയും ചെയ്യും. 

റബ്ബര്‍ വില്‍ക്കുന്നയാള്‍ക്കും വാങ്ങുന്നയാള്‍ക്കും ആവശ്യമായ അളവിന് ലേലം വിളിക്കാന്‍ കഴിയുന്ന ഒരു ട്രേഡ് ഫെസിലിറ്റേഷന്‍ പ്ലാറ്റ്ഫോമായാണ് ഇ ട്രേഡ് പ്ലാറ്റ്‌ഫോമിനെ വിഭാവനം ചെയ്തിട്ടുള്ളത്. ‌വില പൊരുത്തപ്പെട്ടതിനു ശേഷം വ്യാപാരമാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡിജിറ്റലായി ഒപ്പിട്ട കരാറുകള്‍ ഉണ്ടാക്കുകയും അവ ഇമെയിലായി ഇരുകക്ഷികള്‍ക്കും അയയ്ക്കുകയും ചെയ്യും. പണംകൈമാറുന്നതിനാവശ്യമായ പേയ്മെന്റ്‌ഗേറ്റ്വേയും ലഭ്യമാക്കും. രജിസ്റ്റര്‍ ചെയ്ത വെണ്ടര്‍മാര്‍, ഫാക്ടറികള്‍ എന്നിവയിലൂടെ മാത്രം റബ്ബര്‍സംഭരണം നടത്തുന്ന നിര്‍മ്മാതാക്കള്‍ക്കായി വ്യക്തിഗതവ്യാപാര പേജുകള്‍ സ്ഥാപിക്കാനും ഉദ്ദേശ്യമുണ്ട്. ഇ ട്രേഡിന്റെ ഭാഗമായി ഗുണനിലവാര സര്‍ട്ടിഫിക്കേഷനായുള്ള സംവിധാനവും ഏര്‍പ്പെടുത്തും. ടയര്‍ ഇതരമേഖലയുടെ നിരന്തരമായ ആവശ്യം കൂടിയാണിത്.

റബ്ബര്‍വ്യാപാരികള്‍, സഹകരണസ്ഥാപനങ്ങള്‍, കര്‍ഷകക്കൂട്ടായ്മകള്‍, റബ്ബര്‍ സംസ്‌കരണത്തിലേര്‍പ്പെട്ടവര്‍, റബ്ബറുത്പന്നനിര്‍മ്മാതാക്കള്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് പ്രകൃതിദത്ത റബ്ബറിന്റെ വിപണനശൃംഖല. അനൗപചാരിക ധാരണകളോടെ പരമ്പരാഗതരീതിയില്‍ ”സ്പോട്ട്” അടിസ്ഥാനത്തിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. ഉപഭോക്തൃമേഖലയില്‍ നിന്നുള്ള ഗുണനിലവാര ആവശ്യങ്ങളും അളവും അനുസരിച്ച്‌ റബ്ബര്‍വിപണി കാര്യമായമാറ്റങ്ങള്‍ക്ക് ‌വിധേയമായിട്ടുണ്ട്. ഗുണനിലവാരമുള്ള റബ്ബറിന് മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ടെങ്കിലും വലിയൊരളവു റബ്ബര്‍ ഗ്രേഡു ചെയ്യാതെയും വിപണനം ചെയ്യപ്പെടുന്നുണ്ട്. കൂടാതെ, ശരിയായ മാര്‍ക്കറ്റ് അവബോധത്തിന്റെ അഭാവം മൂലം കര്‍ഷകര്‍ ബുദ്ധിമുട്ടുന്ന അവസ്ഥയുമുണ്ട്. ഇത് പലപ്പോഴും ഗുണനിലവാരമുള്ള വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതില്‍ നിന്ന്അവരെ തടയുന്നു.

റബ്ബര്‍ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരുടെ എണ്ണം 2000 ത്തില്‍ 10512 ആയിരുന്നത് ഇപ്പോള്‍ 7135 ആയിചുരുങ്ങി. വരുമാനക്കുറവുമൂലം യുവതലമുറ റബ്ബര്‍ വ്യാപാരത്തില്‍ നിന്ന്‌ വിട്ടുനില്‍ക്കുന്ന പ്രവണതയുള്ളതിനാല്‍ ഈ രീതി വരുംവര്‍ഷങ്ങളിലും തുടരാനാണ് സാധ്യത.  വ്യാപാരികളുടെ എണ്ണം കുറഞ്ഞുവരുന്നത് പക്ഷപാതപരമായ തീരുമാനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇടയാക്കിയേക്കാം. ഇത്കര്‍ഷകര്‍ക്ക്‌ റബ്ബറുത്പാദനത്തിനുള്ള താത്പര്യം കുറയ്ക്കും. ഈ വെല്ലുവിളികളെ ഫലപ്രദമായി മറികടക്കാന്‍ കഴിയുന്ന ഒരു ബദല്‍ സംവിധാനമാണ്ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്‌ഫോം കൊണ്ടുദ്ദേശിക്കുന്നത്.

റബ്ബറുത്പന്ന നിര്‍മ്മാണ വ്യവസായം, പ്രത്യേകിച്ച് ടയര്‍ ഇതരമേഖല, ഗുണമേന്മയുള്ള റബ്ബറിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ടയര്‍ ഇതരമേഖലയിലെ മിക്ക നിര്‍മ്മാതാക്കള്‍ക്കും വാങ്ങല്‍ ഘട്ടത്തില്‍ ഗുണനിലവാര പരിശോധന സംവിധാനം ഇല്ല. കൂടാതെ, വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന വ്യാപാരങ്ങളില്‍ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീട് അത്‌വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. അതിനാല്‍, വിപണനം ചെയ്യപ്പെടുന്ന റബ്ബറിന്റെ ഗുണമേന്മ ഉറപ്പാക്കുകയും വില നിര്‍ണ്ണയത്തില്‍ സുതാര്യതയും വസ്തുനിഷ്ഠതയും പാലിക്കുകയും ചെയ്യുന്നത് ഉത്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഉപകാരപ്രദമായിരിക്കും. ഈ വസ്തുതകളെല്ലാം കണക്കിലെടുത്തുകൊണ്ടാണ് പ്രകൃതിദത്ത റബ്ബറിന് ഇലക്ട്രോണിക് ട്രേഡിങ്പ്ലാറ്റ്ഫോം എന്നആശയവുമായി റബ്ബര്‍ബോര്‍ഡ് മുമ്പോട്ടു വന്നിട്ടുള്ളത്.

ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleseDetail.aspx?PRID=1635720

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →