മുംബൈ വിമാനത്താവളം വികസനത്തില്‍ 800 കോടിയിലധികം രൂപയുടെ ക്രമക്കേട്, സിബിഐ കേസെടുത്തു

മുംബൈ: മുംബൈ ഛത്രപതി ശിവജി ഇന്റര്‍നാഷണല്‍ വിമാനത്താവള അഴിമതിയുമായി ബന്ധപ്പെട്ട് ജിവികെ ഗ്രൂപ്പ് ചെയര്‍മാന്‍ ജി വെങ്കടകൃഷ്ണ റെഡ്ഡിക്കും മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിനുമെതിരേ സിബിഐ കേസെടുത്തു. 2012- 18 കാലയളവില്‍ 805 കോടി രൂപ ഖജനാവിന് നഷ്ടംവരുത്തിയെന്നാണ് കേസ്.

മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും എയര്‍പോര്‍ട്ട് അതോറിറ്റി ഒാഫ് ഇന്ത്യയും മുംബൈ വിമാനത്താവളത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് കരാറില്‍ ഏര്‍പ്പെട്ടിരുന്നു. വിമാനത്താവളത്തില്‍നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ 38.7 ശതമാനം എയര്‍പോര്‍ട്ട് അതോറിറ്റിക്ക് വാര്‍ഷിക ഫീസായി നല്‍കണം. ബാക്കി തുക വിമാനത്താവള പരിപാലനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ഉപയോഗിക്കണം എന്നായിരുന്നു കരാര്‍ വ്യവസ്ഥ.

എന്നാല്‍, ഒമ്പത് സ്വകാര്യ കമ്പനികളുമായി ചേര്‍ന്ന് വ്യാജകരാര്‍ ഉണ്ടാക്കുകയും അതിലൂടെ 310 കോടി രൂപ തട്ടിയെടുക്കുകയും ചെയ്‌തെന്ന് സിബിഐയുടെ എഫ്‌ഐആറില്‍ പറയുന്നു. ഇതിനൊപ്പം ജിവികെ ഗ്രൂപ്പിന്റെ പ്രമോട്ടര്‍മാര്‍ വിമാനത്താവളത്തിന് ലഭിച്ച അധികഫണ്ടുകള്‍ ഗ്രൂപ്പിലെ മറ്റ് കമ്പനികള്‍ക്കായി വകമാറ്റാന്‍ കൂട്ടുനിന്നു. 395 കോടിയോളം രൂപയാണ് ഇങ്ങനെ വകമാറ്റിയത്. ഇതിനൊപ്പം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനച്ചെലവ് കൂടിയതായി വ്യാജരേഖകള്‍ ഉണ്ടാക്കി നൂറുകോടിയോളം രൂപ വെട്ടിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു.

പദ്ധതികള്‍ ആരംഭിക്കുന്നതിനും വികസിപ്പിക്കുന്നതിനും കമ്പനികള്‍ക്ക് കരാറുകള്‍ നല്‍കുന്നതില്‍ നടക്കുന്ന ക്രമക്കേടിന്റെയും അഴിമതിയുടെയും ഉദാഹരണമാണിത്. വെട്ടിച്ച തുകയുടെ സിംഹഭാഗവും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും സ്ഥലത്തെ മേജര്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും കീശയിലേക്കാണ് ഒഴുകിയിട്ടുള്ളത്. നികുതിപ്പണവും പ്രോജക്ടിലെ വരുമാനവും വ്യാജരേഖകളുടെ മറവില്‍ അടിച്ചുമാറ്റുകയാണ്. സാങ്കേതിക വകുപ്പിന്റെ പരിശോധനയും സാമ്പത്തിക വിഭാഗത്തിന്റെ ഓഡിറ്റിങും വെറും പ്രഹസനങ്ങളായി മാറുകയാണ്. ഉദ്യോഗസ്ഥരാണ് ക്രമക്കേട് കാട്ടുന്നതെന്നും അതല്ല അവരെക്കൊണ്ട് ചെയ്യിപ്പിക്കുകയാണെന്നും ചില പ്രസ്താവനകള്‍ക്കുള്ളില്‍ എല്ലാ പ്രതിഷേധങ്ങളും അവസാനിക്കും. ഇതിന്റെ പിറകിലെ ഗൂഢാലോചന തെളിയിക്കപ്പെടാതയും പോകുന്നു. അഴിമതിക്കെതിരേ ലോക്പാല്‍ ബില്ല് വന്നപ്പോള്‍ പൊതുജനങ്ങള്‍ ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നിട്ടും വഞ്ചി തിരുനക്കരെ തന്നെ!

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →