ടിക്‌ടോക്കിന്റെ വരവും വ്യാപനവും

ന്യൂഡല്‍ഹി: ലോകത്ത് ടിക്‌ടോക്കിന്റെ ഏറ്റവുമധികം ഉപയോക്താക്കളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ചെറിയ വീഡിയോകള്‍ സൃഷ്ടിക്കുന്നതിനും ഷെയര്‍ ചെയ്യുന്നതിനുമായി ചൈനയിലെ ബൈറ്റ്ഡാന്‍സ് എന്ന ഐടി കമ്പനി വികസിപ്പിച്ചെടുത്ത ഒരു സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാണ് ടിക്‌ടോക്ക്. ചൈനയില്‍ 2016 സെപ്റ്റംബറില്‍ ഡുവൈന്‍ എന്നപേരില്‍ ആയിരുന്നു ഇത് ആദ്യം വിപണിയിലിറക്കിയത്. ഒരു വര്‍ഷത്തിനുശേഷം ടിക്ക്‌ടോക് എന്ന പേരില്‍ വിദേശരാജ്യങ്ങളില്‍ ഈ ആപ്പ് രംഗപ്രവേശം ചെയ്യുകയായിരുന്നു.

2018ല്‍ ഏഷ്യ, അമേരിക്ക തുടങ്ങി ലോകത്തിന്റെ മിക്ക ഭാഗത്തും ടിക്‌ടോക്ക് വന്‍ സ്വീകാര്യത കിട്ടി. 2018 ഒക്ടോബറിലെ കണക്കനുസരിച്ച് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍ ടിക്‌ടോക്ക് ആണ്. 2018ല്‍ ഇത് 150ലധികം രാജ്യങ്ങളിലും 75 ഭാഷകളിലും ലഭ്യമായിത്തുടങ്ങി. ഉപയോക്താക്കള്‍ക്ക് മൂന്നുമുതല്‍ 60 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള ഹ്രസ്വ ലൂപ്പിങ് വീഡിയോകള്‍ സൃഷ്ടിക്കാന്‍ ഈ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സാധിക്കും.

ഇന്ത്യയിലെ നിരോധനം ടിക്‌ടോക്കിന് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്. തങ്ങള്‍ ചൈനയ്ക്കോ മറ്റ് രാജ്യങ്ങള്‍ക്കോ വിവരങ്ങള്‍ ചോര്‍ത്തി നല്‍കില്ലെന്നും ഓരോ ഇന്ത്യന്‍ പൗരന്മാരുടേയും സുരക്ഷ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ‘ടിക് ടോക്ക്’ ഇന്ത്യന്‍ തലവന്‍ നിഖില്‍ ഗാന്ധി അറിയിച്ചു. ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതും 14 ഭാഷകളില്‍ പ്രചാരമുള്ളതുമായ ആപ്ലിക്കേഷനാണ് ‘ടിക്‌ടോക്ക്’ എന്നും അദ്ദേഹം പറഞ്ഞു. നിരോധിച്ച 59 ചൈനീസ് ആപ്പ് പ്രതിനിധികളെയും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്കു ക്ഷണിച്ചിട്ടുണ്ട്. ഇതില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ടിക്‌ടോക്ക്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →