കൊച്ചി: സ്വന്തം നഗ്‌നശരീരത്തില്‍ മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് പോലീസ് പോക്‌സോ കേസ് ചുമത്തിയ രഹ്‌ന ഫാത്തിമയോട് ക്വാര്‍ട്ടേഴ്‌സ് ഒഴിയാന്‍ ബിഎസ്എന്‍എല്‍ ആവശ്യപ്പെട്ടു. നോട്ടീസ് കിട്ടി ഒരു മാസത്തിനുള്ളില്‍ പനമ്പിള്ളി നഗറിലെ ക്വാര്‍ട്ടേഴ്‌സ് ഒഴിയണമെന്നാണു നിര്‍ദേശം. വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രഹ്‌ന ഫാത്തിമയ്‌ക്കെതിരേ ക്രിമിനല്‍ നടപടിയെടുക്കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. തിരുവല്ല പോലീസും രഹ്‌നയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. പോക്‌സോ നിയമപ്രകാരം ജാമ്യം കിട്ടാത്ത വകുപ്പിലാണ് കേസ്.
അച്ചടക്ക നടപടിയുടെ ഭാഗമായി ജൂണ്‍ 11ന് രഹ്‌നയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിനുശേഷവും ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയാണ്. ജീവനക്കാരി അല്ലാത്തതിനാല്‍ ഇനി അവിടെ തുടരാന്‍ അര്‍ഹതയില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ക്വാര്‍ട്ടേഴ്‌സ് ഒഴിയാത്തപക്ഷം ബലമായി ഒഴിപ്പിക്കല്‍ നടപടി ഉണ്ടാവുമെന്ന മുന്നറിയിപ്പും നോട്ടിസില്‍ നല്‍കിയിട്ടുണ്ട്.