ന്യൂഡല്‍ഹി: ബഹിരാകാശത്ത് ജീവന്റെ തുടിപ്പ് തേടുന്ന ശാസ്ത്രലോകത്തിന് വലിയ പ്രതീക്ഷയേകി സൗരയൂഥത്തിന് പുറത്ത് രണ്ട് സൂപ്പര്‍ എര്‍ത്ത് ഗ്രഹങ്ങളെ കണ്ടെത്തി. സൗരയൂഥത്തിന് പുറത്ത് ഭൂമിയില്‍ നിന്നും 110 പ്രകാശവര്‍ഷം അകലെയുള്ള ചുവന്ന കുള്ളന്‍ നക്ഷത്രമായ ഗ്ലെയ്‌സ് 887ന്റെ സമീപത്തായാണ് ഭൗമസാമാനമായ രണ്ട് ഗ്രഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഗ്ലെയ്‌സ് 887ബി, ഗ്ലെയ്‌സ് 887 സി എന്നാണ് ഇവയ്ക്ക് പേരിട്ടിരിക്കുന്നത്. ഭൂമിയെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഈ ഗ്രഹത്തിന് വലുപ്പവും താപനിലയും കുറച്ചു കൂടുതലാണ്. 70 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ള ഈ ഗ്രഹങ്ങള്‍ സഞ്ചാരത്തില്‍ മെര്‍ക്കുറിയേക്കാള്‍ വേഗത കുറവുള്ളവയാണെന്നും സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നുണ്ട്.
ഗട്ടിംഗെന്‍ സര്‍വകലാശാലയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലാണ് ആകാശത്തിലെ ഏറ്റവും തിളക്കമുള്ള ചുവന്ന കുള്ളന്‍ നക്ഷത്രമായ ഗ്ലൈസി 887നെ പരിക്രമണം ചെയ്യുന്ന സൂപ്പര്‍ എര്‍ത്ത് ഗ്രഹങ്ങളെ ജ്യോതിശാസ്ത്രജ്ഞരുടെ റെഡ് ഡോട്ട്‌സ് സംഘം കണ്ടെത്തിയത്.പുതുതായി കണ്ടെത്തിയ ഗ്രഹങ്ങളില്‍ ജീവന്റെ സാന്നിധ്യമുണ്ടാവുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.
മറ്റൊരു രസകരമായ സവിശേഷത ഗ്ലൈസി 887 ന്റെ വെളിച്ചം ഏതാണ്ട് സ്ഥിരമാണ് എന്നതാണ്. അതിനാല്‍, സൂപ്പര്‍ എര്‍ത്ത് സിസ്റ്റത്തിന്റെ അന്തരീക്ഷം കണ്ടെത്തുന്നത് താരതമ്യേന എളുപ്പമായിരിക്കും. ഭൂമിയേക്കാള്‍ പിണ്ഡമുള്ളതും എന്നാല്‍ നമ്മുടെ യുറാനസ്, നെപ്റ്റിയൂണ്‍ എന്നിവയേക്കാള്‍ താഴെയുമുള്ള ഗ്രഹങ്ങളാണ് ഈ സൂപ്പര്‍ എര്‍ത്ത്‌സ്. പുതുതായി കണ്ടെത്തിയ സൂപ്പര്‍ എര്‍ത്ത്‌സ് ചുവന്ന കുള്ളന്റെ വാസയോഗ്യമായ മേഖലയോട് ചേര്‍ന്നാണ് സ്ഥിതിചെയ്യുന്നത്. അവിടെ വെള്ളം ദ്രാവക രൂപത്തില്‍ നിലനില്‍ക്കാനും ബാക്കി ഭാഗം പാറക്കെട്ടുകളായിരിക്കുമെന്നും സയന്‍സ് ജേണല്‍ പറയുന്നു. ചിലിയിലെ യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററിയിലെ ഹാര്‍പ്‌സ് സ്‌പെക്ട്രോഗ്രാഫ് ഉപയോഗിച്ചാണ് റെഡ് ഡോട്ട്‌സ് ടീം ചുവന്ന കുള്ളനെ നിരീക്ഷിച്ചത്. ഗ്രഹങ്ങളുടെ ഗുരുത്വാകര്‍ഷണ വലിവ് മൂലമുണ്ടാകുന്ന നക്ഷത്രത്തിന്റെ മുന്നോട്ടും പിന്നോട്ടുമുള്ള ചലനം അളക്കാന്‍ സഹായിക്കുന്ന ‘ഡോപ്ലര്‍ വോബിള്‍’ എന്നറിയപ്പെടുന്ന ഒരു സാങ്കേതികതയാണ് ഇതിനായി അവര്‍ ഉപയോഗപ്പെടുത്തിയത്.

