ന്യൂഡല്‍ഹി: ബോളിവുഡ് ചലച്ചിത്ര താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ ദൂരൂഹതകളേറുന്നു. സുശാന്തിന്റേത് ആത്മഹത്യയല്ലെന്ന് തുടക്കം മുതല്‍ ആരാധകരും സുഹൃത്തുക്കളും വ്യക്തമാക്കി കൊണ്ടിരിക്കുമ്പോഴാണ് പുതിയ ചില വെളിപ്പെടുത്തലുകള്‍ കൂടി വന്നിരിക്കുന്നത്. മരണ ശേഷവും ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അടക്കമുള്ള അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മറ്റാരോ ഉപയോഗിക്കുന്നുവെന്നതിന്റെ തെളിവുകളാണ് ആരാധകര്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്ന വിവരം. സുശാന്തിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ കാര്യത്തില്‍ വന്ന ചില മാറ്റങ്ങളും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍പ് താരം ഫോളോ ചെയ്തിരുന്ന ചില താരങ്ങളെ ഇപ്പോള്‍ ഫോളോവിംഗ് ലിസ്റ്റില്‍ കാണാന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ട്. ഇതെല്ലം തെളിയിക്കുന്ന സ്ക്രീന്‍ഷോട്ടുകളും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്. ഇതിനു പിന്നില്‍ മറ്റാരുടെയോ കരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്.
വിഷയം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ട്വിറ്ററിന് കത്തു നല്‍കാനൊരുങ്ങിയിരിക്കുകയാണ് പൊലീസ്. സുശാന്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും കാണാതായെന്ന് പറയപ്പെടുന്ന ട്വീറ്റുകളെകുറിച്ച് അന്വേഷിക്കുന്നതിനായാണ് പൊലീസ് ട്വിറ്ററുമായി ബന്ധപ്പെടുന്നത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ് പൊലീസ്. സുശാന്തിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ചില ട്വീറ്റുകള്‍ മരിക്കുന്നതിന് മുമ്പ് സുശാന്ത് ഡിലീറ്റു ചെയ്തിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. നിലവില്‍ സുശാന്തിന്റെ ട്വിറ്ററിലെ അവസാന ട്വീറ്റ് ഡിസംബര്‍ 27ന് പോസ്റ്റ് ചെയ്തതാണ്. എന്നാല്‍ സുശാന്ത് ട്വീറ്റ് ചെയ്തിരുന്നെന്ന് പറയപ്പെടുന്ന ചില ട്വീറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതില്‍ വ്യക്തത തേടിയാണ് സുശാന്തിന്റെ മരണം അന്വേഷിക്കുന്ന പൊലീസ് സംഘം ട്വിറ്റര്‍ ഇന്ത്യയെ സമീപിക്കാനൊരുങ്ങുന്നത്.
ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് മറ്റാരോ ഉപയോഗിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ രൂപ ഗാംഗുലിയും രംഗത്തെത്തിയിരുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് രൂപ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
നേരത്തെ ചിലര്‍ അദ്ദേഹത്തിന്റെ ട്വിറ്ററിന്റെ കവര്‍ ചിത്രത്തിന് നേരെയും സംശയം ഉന്നയിച്ചിരുന്നു. ആത്മഹത്യ സംബന്ധിച്ച നിഗൂഢമായ സന്ദേശം ഈ ചിത്രത്തിലുണ്ടെന്നാണ് ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍. ലോക പ്രശസ്ത പെയിന്റര്‍ വിന്‍സന്റ് വാന്‍ഗോഗിന്റെ ‘നക്ഷത്രങ്ങള്‍ നിറഞ്ഞ രാത്രി’ എന്ന പെയിന്റിങ്ങാണ് സുശാന്ത് തന്റെ ട്വിറ്ററിന്റെ കവര്‍ ഇമേജ് ആക്കിയിരുന്നത്. വളരെ കൌതുകരമായ കാര്യമായി ചൂണ്ടിക്കാട്ടുന്നത് വാന്‍ഗോഗും സുശാന്തും മരിച്ചത് 34-മത്തെ വയസിലാണ്. 1890-ലാണ് വാന്‍ഗോഗ് ആത്മഹത്യ ചെയ്തത്. ഇത് ചില ബന്ധങ്ങള്‍ സൂചിപ്പിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. അത് പോലെ തന്നെ സുശാന്തിന്റെ അവസാനത്തെ തീയറ്റര്‍ റിലീസായിരുന്ന ചിച്ചോറിലെ പ്രധാന വിഷയം ആത്മഹത്യയ്ക്കെതിരെയായിരുന്നു എന്നതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.