തിരുവനന്തപുരം: സംസ്ഥാനത്ത് ചൈല്‍ഡ് സെക്‌സിനും ആരാധകര്‍ കേരളത്തില്‍ ഏറെയെന്നു തെളിഞ്ഞു. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നത് വീണ്ടും സജീവമാവുകയാണ്. വാട്ട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക്, ടെലിഗ്രാം ഗ്രൂപ്പുകള്‍ മുഖേനയാണ് കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും കൈമാറുന്നത്. എഴുന്നൂറിലധികം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളും ഇരുന്നൂറോളം ഫേസ് ബുക്ക് ഗ്രൂപ്പുകളും ഇപ്പോഴും സജീവമെന്ന് കണ്ടെത്തല്‍.
സംസ്ഥാന പൊലീസ് പി ഹണ്ട് എന്നു പേരിട്ട് 117 ഇടങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ 47 പേര്‍ പിടിയിലായി. ഉയര്‍ന്ന ശമ്പളത്തില്‍ ജോലിചെയ്യുന്ന ഐടി പ്രൊഫഷണലുകള്‍, ഡോക്ടര്‍മാര്‍, വിദ്യാര്‍ഥികള്‍ വരെ പിടിയിലായ വരിലുണ്ട്. ഇവരില്‍നിന്ന് കംപ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌ക് അടക്കം ഒട്ടേറെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.
കുട്ടികളുടെ അശ്ലീല ചിത്രങ്ങളുടെയും വീഡിയോകളുടെയും പ്രചാരം കേരളത്തില്‍ ഇടക്കാലത്ത് സജീവമായിരുന്നു. മലപ്പുറം ജില്ലയിലെ എടപ്പാള്‍ കേന്ദ്രീകരിച്ച് 264ഓളം പേര്‍ അംഗങ്ങളായ ആചാരവെടി എന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍മാരടക്കം അമ്പതോളം പേര്‍ അറസ്റ്റിലായിരുന്നു. ഇതോടെ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചുവന്ന പല ഗ്രൂപ്പുകളും പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. എന്നാല്‍, ഒരു ഇടവേളയ്ക്കുശേഷം കുട്ടികളുടെ അശ്ലീലചിത്രങ്ങളുടെ കൈമാറ്റം സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായിരിക്കുകയാണ്.
ആറും 15ഉം വയസിനിടയിലുള്ള കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോയും കൈമാറ്റം നടത്തുന്നത് ഐപിസി 293, ഐടി ആക്ടിലെ 67 ബി വകുപ്പുകള്‍ പ്രകാരം ഇന്ത്യയില്‍ കുറ്റകരമാണ്. അഞ്ച് വര്‍ഷംവരെ തടവും 10 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.