അതിര്‍ത്തിയില്‍ ഹെലിപ്പാഡ് തീര്‍ത്ത് ചൈന; പ്രകോപനം അവസാനിക്കുന്നില്ല

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനം അവസാനിക്കുന്നില്ല. ഇത്തവണ പാംഗോങ് തടാകത്തിന്റെ വടക്കന്‍കരയില്‍ പുതിയ ഹെലിപാഡ് നിര്‍മിക്കുന്നതായാണ് വിവരം. നേരത്തെ ഈ ഭാഗത്ത് ചൈന സേനാബലം വര്‍ധിപ്പിച്ചെന്നും കവചിത ടാങ്കുകളും സൈനിക വാഹനങ്ങളും വിന്യസിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗാല്‍വാന്‍ മേഖലയുടെ മേല്‍ ചൈന അവകാശവാദം ശക്തമാക്കുന്നതിനിടെയാണ് പുതിയ നീക്കം. ഫിംഗര്‍ 4നും ഫിംഗര്‍ 5നും ഇടയിലെ പ്രദേശമാണിത്. ഫിംഗര്‍ 3 യിലാണ് ഇന്ത്യന്‍ സൈനിക ക്യാംപുകള്‍ സ്ഥിതിചെയ്യുന്നത്.

ഇന്തോ- ചൈന അതിര്‍ത്തിതര്‍ക്കം നടക്കുന്ന ഗാല്‍വാന്‍ താഴ്‌വരയില്‍ ചൈന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഉപഗ്രഹദൃശ്യങ്ങള്‍ പുറത്തുവന്നു. ജൂണ്‍ 22നെടുത്ത ഉപഗ്രഹചിത്രങ്ങളിലാണ് ചൈന ഗാല്‍വാന്‍ താഴ്‌വരയില്‍ ഹെലിപാഡ് സ്ഥാപിച്ചതായി വ്യക്തമാവുന്നത്. ഒരു മാസംമുമ്പ് വിജനമായിരുന്ന സ്ഥലമാണ് ഇത്. പാംഗോങ് തടാകത്തിന് വടക്കുവശത്തായാണ് കൂടുതല്‍ സൈനികരെ വിന്യസിച്ചിരിക്കുന്നത്.

കിഴക്കന്‍ ലഡാക്കിലെ ഏഴ് സ്ഥലങ്ങളില്‍ ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ്. ഗാല്‍വാനിലെ മൂന്നു കിലോമീറ്റര്‍ പിടിച്ചെടുക്കാനും ചൈന കിണഞ്ഞു ശ്രമിക്കുന്നുണ്ട്. സംഘര്‍ഷാവസ്ഥയുള്ള പാംഗോങില്‍ എട്ട് കിലോമീറ്ററോളം ദൂരം ചൈന അതിക്രമിച്ചുകയറിയിട്ടുണ്ട്. ഇവിടെ കഴിഞ്ഞ എട്ട് ആഴ്ചയായി അവര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ഇതില്‍ ഏറ്റവും ഒടുവിലത്തെ നടപടിയാണ് ഹെലിപാഡ് നിര്‍മാണം.



Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →