ഓച്ചിറ: തന്നെ ഉപേക്ഷിച്ചു പോയ ഭാര്യയുടെ സുഹൃത്തിനെ കൊല്ലാന്‍ ഭര്‍ത്താവ് അയച്ച എട്ടംഗ ക്വട്ടേഷന്‍ സംഘം പോലീസ് പിടിയില്‍. ഒരു ലക്ഷം രൂപക്കാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പ്രതികള്‍. ക്വട്ടേഷന്‍ സംഘത്തിന്റെ വെട്ടേറ്റ തഴവാ കുതിരപന്തി പോളശ്ശേരില്‍ രാജേഷി(40)ന് ഗുരുതര പരിക്കേറ്റു. തഴവാ കടത്തൂര്‍ ചെറുതിട്ട കിഴക്കതില്‍ വിഷ്ണുകുമാര്‍ (24), കുറുങ്ങാട്ട് കിഴക്കതില്‍ ഷാനു (23), അനില്‍ഭവനില്‍ അനുരാജ് (20), പ്ലാവിളവടക്കതില്‍ അനന്തു (19), ബിജുഭവനില്‍ ഹരികൃഷ്ണന്‍ (22), അനന്തുഭവനത്തില്‍ അനന്തു (22), ബികെ ഭവനില്‍ പ്രദീപ് (28), വെള്ളാപ്പള്ളി കിഴക്കതില്‍ കണ്ണന്‍ (27) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 19ന് വൈകീട്ട് 5.30ന് കെട്ടിടനിര്‍മാണ ജോലി ചെയ്യുമ്പോള്‍ രാജേഷിനെ ബൈക്കിലെത്തിയ സംഘം റോഡിലേക്ക് വിളിച്ചിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍14നും 19നും സമാനമായ ആക്രമണം നടന്നു. ഇക്കഴിഞ്ഞ 19നാണ് ലാസ്റ്റ് ക്വട്ടേഷന്‍ ആക്രമണം. ഈ കേസിലാണ് പ്രതികള്‍ പിടിയിലായത്. ഭാര്യ മണികുട്ടനെയും രണ്ട് മക്കളേയും ഉപേക്ഷിച്ച് രാജേഷിനൊപ്പം പോയതിന്റെ പകയാണ് ക്വട്ടേഷനില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഒരു വര്‍ഷത്തിനിടെ നാലുതവണ രാജേഷിന്റെ വീടിനുനേരെ ആക്രമണം ഉണ്ടായി. രണ്ടുതവണ മണികുട്ടന്‍ നേരിട്ട് ആക്രമിച്ചിരുന്നു.
വിദേശത്തുള്ള മണിക്കുട്ടന്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരേ കൊലപാതക ശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. കരുനാഗപ്പള്ളി ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഓച്ചിറ എസ്എച്ച്ഒ ആര്‍ പ്രകാശ്, എസ്‌ഐമാരായ ശ്യാംകുമാര്‍, ഷിജു, പത്മകുമാര്‍, റോബി, രണ്‍ജിത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.