ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി എന്നതിനു പകരം ഇന്ത്യ- ടിബറ്റ് അതിര്‍ത്തി എന്ന പ്രയോഗവുമായി അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു രംഗത്ത്. ബുംല പോസ്റ്റില്‍ ഇന്ത്യന്‍ സൈനികരുമായി നടന്ന കൂടിക്കാഴ്ച്ചയ്ക്കു ശേഷമായിരുന്നു ഖണ്ഡുവിന്റെ ട്വീറ്റ്. ”സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ഇന്ത്യന്‍ സൈന്യത്തിന്റെ വീര്യം നമുക്കറിയാം. നിര്‍ഭയരായ ഇന്ത്യന്‍ ജവാന്മാരുമായി ഇന്തോ- ടിബറ്റ് അതിര്‍ത്തിയിലെ ബുംല പോസ്റ്റില്‍ കൂടിക്കാഴ്ച്ചയ്ക്ക് അവസരം ലഭിച്ചു. അവരുടെ ആത്മവിശ്വാസം ഉയര്‍ന്ന നിലയിലാണ്. അതിര്‍ത്തിയില്‍ നമ്മള്‍ അവരുടെ കൈകളില്‍ സുരക്ഷിതരാ”ണെന്നായിരുന്നു ഖണ്ഡുവിന്റെ ട്വീറ്റ്.
The valour of Indian Army is what we counted ever since our Indepence. Had an opportunity to interact with the brave jawans today at Bumla post on Indo-Tibet border.
— Pema Khandu (@PemaKhanduBJP) June 24, 2020
Their josh is at highest level. We are in safe hands when it comes to our borders ..!! pic.twitter.com/kwg5Uyx3MB
ആദ്യമായാണ് ഒരു ഭരണാധികാരി ഇന്ത്യ-ചൈന അതിര്‍ത്തിയെ ഇന്ത്യ-ടിബറ്റ് അതിര്‍ത്തിയെന്ന് ധൈര്യപൂര്‍വം വിളിക്കുന്നതെന്ന് ഫോളോവേഴ്‌സ് അഭിപ്രായപ്പെട്ടു. 1949ല്‍ ജനകീയ ചൈന രൂപംകൊണ്ടപ്പോള്‍ ടിബറ്റിനെയും ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെതിരേ ടിബറ്റിലുണ്ടായ പ്രതിഷേധങ്ങളെ ചൈന ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തി. ടിബറ്റന്‍ വംശജര്‍ എന്ന തനിമ നിലനിര്‍ത്തിവന്ന ജനതയാണത്. സ്വന്തമായി കലയും സംസ്‌കാരവുമൊക്കെയുള്ള നാട്. 80-90 ലക്ഷത്തോളം ജനസംഖ്യയുണ്ട്. ഇവരുടെ ആത്മീയ നേതാവായിരുന്നു ദലയ്‌ലാമ. ഭരണം ചൈനയുടെ കീഴില്‍ അമര്‍ന്നെങ്കിലും ഒരു പ്രവാസി ഗവണ്മെന്റ് ഇപ്പോഴും ടിബറ്റിനുണ്ടെന്നത് അധികമാരും ഓര്‍ക്കാറില്ല.
ഇന്ത്യയും ചൈനയും തമ്മില്‍ ഒരു യുദ്ധാന്തരീക്ഷം ഉദയം ചെയ്തപ്പോള്‍ ടിബറ്റ് ഒരു സ്വതന്ത്രരാഷ്ട്രമെന്ന വാദം വീണ്ടും ശക്തിപ്രാപിക്കുന്ന സ്ഥിതിവിശേഷമുണ്ട്. അതാണ് അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവിന്റെ വാക്കുകളില്‍ നിഴലിക്കുന്നത്. രാജ്യസഭ എംപി രാജീവ് ചന്ദ്രശേഖറും ഖണ്ഡുവിന്റെ പ്രയോഗത്തെ പ്രകീര്‍ത്തിച്ചു. എല്ലാ രേഖകളും കാണിക്കേണ്ടത് ഇത് ഇന്ത്യ- തിബത്ത് അതിര്‍ത്തിയെന്നാണ്. വടക്കുകിഴക്കന്‍ അതിര്‍ത്തിയെ ഇനി ഇങ്ങനെ സൂചിപ്പിക്കുന്നതാണ് കൂടുതല്‍ ഉചിതമായതെന്നും രാജീവ് ചന്ദ്രശേഖര്‍ എംപി അഭിപ്രായപ്പെട്ടു.

