ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂരിലെ സിന്ധൗലി പ്രദേശത്ത് 15 വയസു കാരനെ മൂന്ന് പേര്‍ മര്‍ദ്ദിച്ചു കൊന്നു. പ്രതിയുടെ കൃഷിയിടത്തില്‍ എരുമ കയറുകയും വിളകള്‍ നശിപ്പിക്കുകയും ചെയ്‌തെന്ന് ആരോപിച്ചാണ് കുല്‍ദീപ് യാദവ് എന്ന 15 കാരനെ മര്‍ദ്ദിച്ചത്.
ശനിയാഴ്ച (20-06-20) യാദവ് തന്റെ സുഹൃത്തുക്കളോടൊപ്പം കളിക്കുകയായിരുന്നു. ഈ സമയത്ത്, യാദവിന്റെ എരുമ പ്രദേശത്തെ സാധു സിങ്ങിന്റെയും ധര്‍മേന്ദ്ര സിങ്ങിന്റെയും ഉടമസ്ഥതയിലുള്ള കരിമ്പിന്‍ വയലില്‍ പ്രവേശിച്ചു. സഹോദരന്മാര്‍ യാദവിന്റെ എരുമയെ തിരികെ നല്‍കാന്‍ വിസമ്മതിച്ചു. തര്‍ക്കം രൂക്ഷമായപ്പോള്‍ സാധു, ധര്‍മേന്ദ്ര, ഇയാളുടെ മകന്‍ ഭൂപീന്ദര്‍ എന്നിവര്‍ 15 വയസുള്ള യാദവിനെ മര്‍ദ്ദിക്കുകയായിരുന്നു. യാദവിന് ബോധം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് പ്രതികളും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ യാദവിനെ പിതാവെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ രക്ഷിക്കാനായില്ല.
സംഭവത്തിന് ശേഷം സമാജ്വാദി പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ് തന്‍വീര്‍ ഖാനും മരിച്ചവരുടെ കുടുംബവും ഷാജഹാന്‍പൂരിലെ എസ്പിയുടെ ഓഫീസിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. പ്രതികളെ സംരക്ഷിക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

