തൃശൂര്‍: 34 വര്‍ഷമായി തരിശു കിടന്ന ഭൂമിക്ക് കോവിഡ് കാലത്ത് ശാപമോക്ഷം. ഇന്ന് ഇവിടെയെത്തുന്നവരെ വരവേല്‍ക്കുന്നത് നിറയെ തളിര്‍ത്ത ചീരയും, തഴച്ചു വളര്‍ന്ന വെണ്ടയും, മറ്റു പച്ചകറികളുമാണ്. വടാക്കാഞ്ചേരി വാഴാനിയിലുളള തൃശൂര്‍ സഹകരണ സ്പിന്നിങ്ങ് മില്ലിന്റെ സ്ഥലത്താണ് ജീവനക്കാര്‍ ചേര്‍ന്ന് കൃഷിയിറക്കിയത്. 30 കിലോയോളം ചീര വിളവെടുത്തതിന്റെ ചാരിതാര്‍ത്ഥ്യ ത്തിലാണ് ജീവനക്കാര്‍. ആസന്നമായേക്കാവുന്ന ഭക്ഷ്യക്ഷാമം മുന്നില്‍ കണ്ട് സര്‍ക്കാര്‍ രൂപം നല്‍കിയ ‘സുഭിക്ഷ കേരളം’ പദ്ധതിയനുസരിച്ചാണ് കൃഷിയിറക്കിയത്.
സഹകരണ സ്പിന്നിങ്ങ് മില്‍ തൊഴിലാളികളുടെ നേതൃത്വത്തില്‍ രണ്ട് മാസം മുന്‍പാണ് ഒന്നര ഏക്കര്‍ വരുന്ന സ്ഥലത്ത് വിത്തിറക്കിയത്. മൃഗങ്ങളുടേയും പക്ഷികളുടേയും ശല്യമടക്കം വെല്ലുവിളികള്‍ ഒട്ടേറെ ഉണ്ടായിരുന്നു. രണ്ടും കല്‍പിച്ച് മണ്ണിലിറങ്ങിയവരെ പിന്‍തിരിപ്പിക്കാന്‍ ഒന്നിനുമായില്ല. കാരണം അതിലും വലുതായിരുന്നു കൃഷി തിരികെ പിടിക്കുക എന്ന ആവശ്യം.
കീടനാശിനികളോ രാസവളങ്ങളോ ഉപയോഗിക്കാതെ ജൈവ രീതിയില്‍ തന്നെയാണ് ഇവര്‍ കൃഷിയിറക്കിയിരിക്കുന്നത്. എന്നിട്ടും യാതൊരു പരാധീനതകളും ഇവിടെ വളരുന്ന പച്ചക്കറികള്‍ക്കില്ല. വിള നശിപ്പിക്കാനെത്തുന്ന മൃഗങ്ങളെ ചെറുക്കാന്‍ വേലി കെട്ടേണ്ടി വന്നു. ജീവനക്കാര്‍ ഊഴമിട്ട് കൃഷി പരിപോഷിപ്പിച്ചു.
തെക്കുംകര പഞ്ചായത്ത്, ഹരിത കേരളം മിഷന്‍ എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചും വ്യവസായ വകുപ്പും റിയാബും നിരന്തരമായി അവലോകനം നടത്തിയുമാണ് സുഭിക്ഷ കേരളം പദ്ധതി വിജയകരമായി നടപ്പിലാക്കാന്‍ കഴിഞ്ഞത്.
വിളവെടുപ്പ് ചടങ്ങില്‍ വടക്കാഞ്ചേരി കൃഷി ഓഫിസര്‍ സുജിത് ഗോവിന്ദ്, ഹരിത കേരളം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി എസ് ജയകുമാര്‍, മില്‍ മാനേജര്‍ അഷറഫ് പി ഖാദര്‍, ഫിനാന്‍സ് മാനേജര്‍ എസ് എസ് ദിനു, സി എ ഔസേപ്പ് എന്നിവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5444/Newstitleeng.html