അതിര്‍ത്തിയില്‍ പാക് കോപ്റ്റര്‍ വെടിവച്ചിട്ട് സേന, ആയുധങ്ങള്‍ കണ്ടെടുത്തു

ജമ്മുവിലെ കത്വജില്ലയില്‍ ആയുധങ്ങളുമായി വന്ന പാക് ഡ്രോണ്‍ ബി.എസ്.എഫ്. വെടിവച്ചുവീഴ്ത്തി. വലിയ ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ടുവന്ന ഡ്രോണില്‍ യു.എസ്. നിര്‍മിത എം.ഫോര്‍ കാര്‍ബൈന്‍ മെഷീന്‍ ഗണ്‍, 60 റൗണ്ട് തിര, രണ്ടു മാഗസിനുകള്‍, ഏഴു ഗ്രനേഡുകള്‍ എന്നിവയുണ്ടായിരുന്നുവെന്ന് ബി.എസ്.എഫ്. ഇന്‍സ്പെക്ടര്‍ ജനറല്‍ എന്‍.എസ്. ജാംവാല്‍ പറഞ്ഞു.

പനന്‍സാറിലെ ബി.എസ്.എഫിന്റെ പട്രോളിങ് സംഘമാണ് പാകിസ്താന്‍ ഭാഗത്തു നിന്ന് ഇന്ത്യന്‍ ഭാഗത്തേക്കുവന്ന ഡ്രോണ്‍ കണ്ടത്. ഇന്ത്യന്‍ ഭാഗത്തേക്ക് 200-250 മീറ്റര്‍ കടന്ന പിന്നാലെ ബി.എസ്.എഫ്.സംഘം വെടിവച്ചിടുകയായിരുന്നു. 18 കിലോ ഭാരമുള്ള ഡ്രോണിന് 5-6 കിലോ വഹിക്കാന്‍ ശേഷിയുണ്ട്. ഡ്രോണ്‍ ചൈനീസ് നിര്‍മിതമാണ്. സംഭവത്തെക്കുറിച്ച് ജമ്മു കശ്മീര്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.

അതിനിടെ, ജമ്മുകശ്മീരിലെ റാംപുര്‍ മേഖലയ്ക്കു സമീപമുള്ള നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ നാലു സിവിലിയന്‍മാര്‍ക്ക് പരുക്കേറ്റു. മോട്ടാര്‍ ഷെല്ലുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് പ്രകോപനമില്ലാതെ പാകിസ്താന്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നു സൈനിക വക്താവ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →