ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയിലുണ്ടായ അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ചൈനീസ് മാധ്യമം. കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം പുറത്തുവിടാത്തത് ഇന്ത്യന്‍ സര്‍ക്കാരിന് സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകാതിരിക്കാനാണെന്നാണ് ചൈനീസ് സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസ് ട്വീറ്റ് ചെയ്തു.
The reason why China did not release casualties number is that China also wants to avoid an escalation. If China releases the number which is less than 20, the Indian govt would again come under pressure: observer https://t.co/ik664PrYLU
— Global Times (@globaltimesnews) June 22, 2020
വീണ്ടും ഒരു സംഘര്‍ഷം ഒഴിവാക്കുന്നതിന് വേണ്ടിയാണ് കൊല്ലപ്പെട്ട സൈനികരേപ്പറ്റി ചൈന വിവരങ്ങള്‍ പുറത്തുവിടാത്തത്. കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം പുറത്തുവിടാത്തത് ഇന്ത്യന്‍ സര്‍ക്കാരിന് സമ്മര്‍ദ്ദം ഉണ്ടാകാതിരിക്കാനാണെന്നാണ് ചൈനീസ് സര്‍ക്കാരിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസ് ട്വീറ്റ് ചെയ്തു. 20ല്‍ കുറഞ്ഞ സംഖ്യയാണ് ചൈന പുറത്തുവിടുന്നതെങ്കില്‍ ഇന്ത്യയ്ക്ക് സമ്മര്‍ദ്ദമേറും. ഇന്ത്യയെക്കാള്‍ കൂടുതല്‍ സൈനികരെ ചൈനയ്ക്ക് നഷ്ടപ്പെട്ടെന്നു കാണിച്ച് ദേശീയവാദികളെ തൃപ്തിപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമമെന്നും ഗ്ലോബല്‍ ടൈംസ് ആരോപിച്ചു.
എന്നാല്‍ സംഘട്ടനത്തില്‍ ആകെ എത്ര സൈനികര്‍ കൊല്ലപ്പെട്ടെന്ന് വ്യക്തമാക്കിയിട്ടില്ല. ഗല്‍വാനില്‍ നടന്ന ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. നിരവധി ജവാന്മാര്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 40ഓളം ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് വിവരമെങ്കിലും ഇതു ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട സൈനികരേക്കാള്‍ ഇരട്ടി ചൈനീസ് സൈനികരെ ഗല്‍വാനില്‍ ഇന്ത്യന്‍ സൈന്യം വധിച്ചുവെന്നാണ് കേന്ദ്രമന്ത്രിയും മുന്‍ സൈനിക മേധാവിയുമായ വി.കെ. സിങ് പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ഗ്ലോബല്‍ ടൈംസിന്റെ ഈ ട്വീറ്റ്.
ചൈനീസ് സൈന്യമായ പീപ്പിള്‍സ് കമാന്‍ഡിംഗ് ഓഫീസര്‍ കൊല്ലപ്പെട്ടുവെന്ന് ചൈന സ്ഥിരീകരിച്ചു. തിങ്കളാഴ്ച ലഫ്. ജനറല്‍ തലത്തിലുള്ള യോഗം നടക്കുമ്പോഴാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്.

