പുൽപ്പള്ളി : വീടിനു സമീപം കാട്ടിൽ വിറക് ശേഖരിക്കാൻ പോയ ആദിവാസി യുവാവിനെ കടുവ കൊന്നുതിന്നു. ചൊവ്വാഴ്ച വൈകിട്ടു കാണാതായ ആൾക്കുവേണ്ടി നടത്തിയ തിരച്ചിലിനൊടുവിൽ ബുധനാഴ്ച വൈകിട്ടാണ് കാട്ടിനുള്ളിൽ ദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പുൽപ്പള്ളി ബസവൻ കൊല്ലി കോളനിയിലെ ശിവകുമാർ (22) ആണ് ദാരുണമായി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പുൽപ്പള്ളി ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളി ആണ് ശിവകുമാർ. തിരച്ചിൽ പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥർ അനാസ്ഥ കാട്ടി എന്ന് ആരോപിച്ച് ആദിവാസി പ്രവർത്തകർ പ്രതിഷേധിച്ചു. ദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഉടലെടുത്ത സംഘർഷം ഒരു മണിക്കൂറോളം നീണ്ടുനിന്നു.