ഞാൻ ബീനാ ആന്റണി, എറണാകുളം നഗരത്തിൽ മൂപ്പത്തടം ദേശത്ത് താമസിക്കുന്നു. കെട്ടിട നിർമ്മാണ തൊഴിലാളിയായ ഭർത്താവും രണ്ടു മക്കളുമടങ്ങിയ കുടുംബം സാമാന്യം സുരക്ഷിതമായ സാമ്പത്തിക പിൻബലത്തിൽ കഴിഞ്ഞ വരുകയായിരുന്നു ലോക്ക് ഡൗൺ കാലം വരെ, ഭർത്താവിന് സ്ഥിരവരുമാനം, ഡിഗ്രി വിദ്യാഭ്യാസമുള്ള ഞാൻ ഒരു ഇൻഷുറൻസ് കമ്പനിയിൽ അഡ്വൈസറായും ഒരു മാർക്കറ്റിംഗ് കമ്പനിയിൽ ടെലികോളർ ആയും ജോലി ചെയ്യുകയായിരുന്നു. ലോക് ഡൗൺ തുടങ്ങിയതോടെ രണ്ടാമത്തെ ജോലി അവസാനിപ്പിക്കേണ്ടി വന്നു. പ്രതിമാസ വരുമാനത്തിൽ പതിനായിരം രൂപായുടെ കുറവാണ് വന്നത്. മുഖ്യ വരുമാന മാർഗമായ ഇൻഷുറൻസ് രംഗവും ലോക്ഡൗണോടെ പ്രതിസന്ധിയിലായി. സാമാന്യജനത്തിന് അത്യാവശ്യമായി തോന്നാത്ത ഒരു കാര്യമാണ് നമ്മുടെ നാട്ടിൽ ഇൻഷുറൻസ് . അതു കൊണ്ടു തന്നെ ലോക് ഡൗണിൽ ഏറ്റവും പ്രതിസന്ധിയിലായ തൊഴിലിടവും ഇതുതന്നെ. ഒരു ബിസിനസ്സും നടന്നില്ല. മാസം ഇരുപത് ഇരുപത്തയ്യായിരം രൂപാ വരുമാനം ഉണ്ടായിരുന്നതും നിലച്ചു.
മുപ്പത്തടം പോലുള്ള വ്യവസായ മേഖലയിൽ താമസിക്കുന്ന സാധാരണക്കാരുടെ ജീവിതം ഏറെ ദുസ്സഹമാണ്. നിശ്ചിത വരുമാനത്തിനുള്ളിൽ ക്രമപ്പെടുത്തിയതാകും അത്. ഈ വരുമാനത്തിൽ ഏതെങ്കിലും കുറവു വന്നാൽ ജീവിതത്തിന്റെ മുഴുവൻ താളവും തെറ്റും. ചെലവുകൾ ചുരുക്കി. പാലും പത്രവും അങ്ങനെ പലതും അത്യാവശ്യമല്ലെന്ന് സ്വയം ബോധ്യപ്പെടുത്തി. സർക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് അനുഗ്രഹമായി. ഭക്ഷണ കാര്യത്തിൽ മുമ്പുതന്നെ ആർഭാടം ഇല്ലാതിരുന്നതിനാലും വെജിറ്റബിൾ ഭക്ഷണം കൂടുതൽ ഇഷ്ടമായിരുന്നതിനാലും ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടില്ല.
ലോണുകൾ ഉണ്ടായിരുന്നു’ മോറട്ടോറിയം വലിയ അനുഗ്രഹമായി. അല്ലെങ്കിൽ തിരിച്ചടവ് ഉറപ്പായി മുടങ്ങുമായിരുന്നു. ചുറ്റുവട്ടത്തേയ്ക്ക് നോക്കുമ്പോൾ വ്യാപാരികളെയാണ് ഈ ലോക്ഡൗൺ കാലം ഏറ്റവും പ്രതികൂലമായി ബാധിച്ചതെന്നു തോന്നുന്നു. സാധനങ്ങൾ ഉപയോഗശൂന്യമായും വിറ്റഴിക്കാനാകാതെയും വലിയ പ്രതിസന്ധി നേരിടുന്നവരുണ്ട്.
മദൃപാനികളുടെ കുടുംബത്തിൽ മാത്രം തെല്ലൊരാശ്വാസം കാണാനുണ്ട്. അവരുടെ കുടുംബങ്ങളിലെ ഒരിക്കലും തെളിയാത്ത മുഖമുള്ള സ്ത്രീകളുടെ മുഖത്ത് ഇപ്പോൾ കാണുന്ന പ്രശാന്തതയും തെളിച്ചവും എന്നും നിലനിന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു