പന്തളം ശ്രീ ധര്‍മശാസ്താ ക്ഷേത്ര ത്തിന്റെ കടവ് ഗാബിയണ്‍ വാള്‍ ഉപയോഗിച്ച് സംരക്ഷണഭിത്തി കെട്ടും

പത്തനംതിട്ട : 2018 ലെ വെള്ളപ്പൊക്കത്തില്‍ ഇടിഞ്ഞു പോയ പന്തളം ശ്രീ ധര്‍മ ശാസ്താ ക്ഷേത്രത്തിന്റെ കടവ് ഗാബിയണ്‍ വാള്‍ ഉപയോഗിച്ച് സംരക്ഷണഭിത്തി കെട്ടുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. 15 ദിവസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കും. ശബരിമല തീര്‍ഥാടനത്തിനു ശേഷം ആരംഭിക്കാനിരുന്ന പണി ലോക്ക്ഡൗണിനെ തുടര്‍ന്ന് മുടങ്ങുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തേണ്ട ഗാബിയണ്‍ വാള്‍ ലോക്ക്ഡൗണ്‍ അവസാനിച്ചതോടെ ലഭ്യമായതിനാല്‍ ഉടന്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കും. 11 മീറ്റര്‍ നീളത്തില്‍ അഞ്ചു മീറ്റര്‍ വീതിയില്‍ വേഗത്തില്‍ പണി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ പണിയാന്‍ ഉദേശിക്കുന്ന ഭിത്തിയോട് ചേര്‍ന്ന് മറ്റൊരു സംരക്ഷണ ഭിത്തി കൂടി നിര്‍മിച്ചാല്‍ കൂടുതല്‍ സ്ഥിരത ഉണ്ടാകും. ഇതിനായി എസ്റ്റിമേറ്റ് എടുത്ത് സര്‍ക്കാരിന്റെ പരിഗണനയ്ക്ക് അയയ്ക്കും. തീര്‍ഥാടകര്‍ക്കായി കുളിക്കടവ് സജീകരിക്കുന്നത് വരും വര്‍ഷങ്ങളില്‍ ഏറെ പ്രയോജനപ്പെടുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

മൂലയില്‍ക്കടവില്‍ 220 മീറ്റര്‍ നീളത്തിലും 22 മുതല്‍ 30 മീറ്റര്‍ വരെ വീതിയിലും 10000 മീറ്റര്‍ ക്യൂബ് മണ്ണ് നീക്കം ചെയ്യും. മൂന്ന് ദിവസമായി ഇവിടെ മണ്ണെടുപ്പ് നടക്കുന്നുണ്ട്. 4000 മീറ്റര്‍ ക്യൂബ് മണ്ണ് നീക്കം ചെയ്തു. പത്തു ദിവസത്തിനുള്ളില്‍ ബാക്കിയുള്ള മണ്ണും നീക്കം ചെയ്യും. മുട്ടത്ത് കടവില്‍ നിന്നും 5000 മീറ്റര്‍ ക്യൂബ് മണ്ണാണ് നീക്കം ചെയ്യാനുള്ളത്. പമ്പ, ത്രിവേണി എന്നിവയ്ക്ക് പുറമേ മൂന്ന് നദികളിലെ 44 സ്ഥലങ്ങളില്‍ നിന്നും മണ്ണെടുക്കുന്നുണ്ട്. 15 ദിവസത്തിനകം മണ്ണെടുപ്പ് പൂര്‍ത്തിയാക്കുമെന്നും മഴയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുക എന്ന ഉദ്ദേശത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.

 മുട്ടാര്‍, വലിയകോയിക്കല്‍ പാലം എന്നീ സ്ഥലങ്ങളും കളക്ടര്‍ സന്ദര്‍ശിച്ചു. അടൂര്‍ തഹസീല്‍ദാര്‍ ബീന എസ് ഹനീഫ്, ദേവസ്വം ബോര്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രാജീവ് കുമാര്‍, കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് ഇ.ജി. ശശികുമാര വര്‍മ, സെക്രട്ടറി പി.എന്‍. നാരായണ വര്‍മ, പത്തനംതിട്ട മേജര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ എസ് മായദേവി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പൃഥിപാല്‍, വില്ലേജ് ഓഫീസര്‍ ജെ.സിജു, എസ്.വി.ഒ. കെ മനോജ്, വാര്‍ഡ് കൗണ്‍സിലര്‍ കെ.ആര്‍. രവി, ദേവസ്വം ബോര്‍ഡ് അംഗം കെ.എസ്. രവി, മുന്‍ പ്രസിഡന്റ് എസ്. അഭിലാഷ് രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ടരേഖ: https://keralanews.gov.in/5237/Newstitleeng.html


Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →