പത്തനംതിട്ട: ജനങ്ങള്‍ക്കുള്ള വിവിധ സേവനങ്ങള്‍ കൃത്യമായി ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാന്‍ പോലീസ് ആപ്പ് സൗകര്യം ജില്ലയിലും. 24 മണിക്കൂറും ജനങ്ങള്‍ക്ക് ഉപകരിക്കും വിധം തയാറാക്കിയ ആപ്പ് പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കുമെന്ന് ജില്ലാപോലീസ് മേധാവി പറഞ്ഞു. ഇതിന്റെ അടിസ്ഥാനകേന്ദ്രം പോലീസ് സ്റ്റേഷനുകളാണ്. ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും മുഴുവന്‍ സമയവും പോലീസ് സ്റ്റേഷനുകളില്‍ സ്വീകരിക്കാനും കൃത്യമായി വിശകലനം ചെയ്തു നടപടി വളരെ വേഗം സ്വീകരിക്കുവാനും ആവശ്യമായ സൗകര്യമൊരുക്കും. വീടുപൂട്ടി പോകുന്നവര്‍ ആ വിവരം തലേന്നുതന്നെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഒരു ദിവസം മുമ്പു തന്നെ ഇതുസംബന്ധിച്ച സുരക്ഷാനടപടികള്‍ എടുക്കുന്നതിനു എസ്എ ച്ച് ഒ മാര്‍ക്ക് സാധിക്കും. രാത്രി പട്രോളിംഗിന് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നതിന് നിര്‍ദേശം നല്‍കുക വഴി മോഷണം പോലെയുള്ള കുറ്റകൃത്യങ്ങള്‍ തടയാനാവും.
ഒറ്റയ്ക്കു താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏറെ പ്രയോജനകരമായി പുതിയ സംവിധാനം മാറുമെന്ന് ജില്ലാപോലീസ് മേധാവി ചൂണ്ടിക്കാട്ടി. ജനമൈത്രി ബീറ്റ് ഓഫീസര്‍മാരുടെ സേവനം ഇക്കാര്യത്തിലും പ്രയോജനപ്പെടുത്താനാവും. വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ കൃത്യമായും ക്വാറന്റീനില്‍ പോകുന്നുവെന്ന് നിരീക്ഷണത്തിലൂടെ ഉറപ്പാക്കും. മൊബൈല്‍ ആപ്പിലൂടെ ഇവരെ നിരീക്ഷിക്കും. ഇവിടെ എത്തുമ്പോള്‍ മുതലുള്ള യാത്രയും നിരീക്ഷണ പരിധിയിലുണ്ടാവും. ഇവര്‍ ഇടയ്ക്കു മറ്റെങ്ങും പോകുന്നില്ല എന്നകാര്യവും ഉറപ്പാക്കും. ഇതിനായി ജനമൈത്രി ബീറ്റ് ഓഫീസര്‍മാരെ ഉപയോഗിച്ചുവരുന്നതായും ജില്ലാപോലീസ് മേധാവി അറിയിച്ചു.
ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്കെതിരെ നിയമനടപടി തുടരുന്നുണ്ട്. നിബന്ധനകള്‍ പാലിക്കാത്തവര്‍ക്കെതിരെ കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ കൈകൊണ്ടുവരുന്നു. മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ 66 പേര്‍ക്ക് നോട്ടീസ് നല്‍കിയതായും ജില്ലാപോലീസ് മേധാവി അറിയിച്ചു.
ബന്ധപ്പെട്ടരേഖ: https://keralanews.gov.in/5252/Police-App.html