പത്തനംതിട്ട : വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിക്ടേഴ്സ് ചാനല്‍ മുഖേന നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ ട്രയലിനു ശേഷം പുനരാരംഭിച്ചു. എല്ലാ കുട്ടികള്‍ക്കും വ്യത്യസ്തമായ മാര്‍ഗങ്ങളിലൂടെ ക്ലാസ് ലഭ്യമാക്കാന്‍ ജില്ലയില്‍ സൗകര്യം ഒരുക്കിയതായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് വള്ളിക്കോട് പറഞ്ഞു. ട്രയല്‍ സമയത്ത് 4819 കുട്ടികള്‍ക്ക് ക്ലാസ് ലഭ്യമായിരുന്നില്ല. പൊതു ഇടങ്ങളില്‍ സൗകര്യം ഒരുക്കിയാണ് ഇതില്‍ ഏറെപ്പേര്‍ക്കും പഠന സൗകര്യം ഏര്‍പ്പെടുത്തിയത്. സന്നദ്ധ സംഘടനകളും വ്യക്തികളും ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. വ്യക്തിഗത സൗകര്യങ്ങള്‍ ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി നിരവധി വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചു.
കൂടുതല്‍ പൊതു ഇടങ്ങളില്‍ അടുത്തയാഴ്ചയോടുകൂടി സമഗ്രശിക്ഷ കേരള സൗകര്യം ഒരുക്കും. ജില്ലയിലെ എംഎല്‍എമാരും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും കുട്ടികള്‍ക്ക് പഠന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് അധ്യാപകര്‍ കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ നിരന്തരം നിരീക്ഷിച്ച് വിലയിരുത്തുന്നുണ്ട്. സാമൂഹിക മാധ്യമ കൂട്ടായ്മകളില്‍ അംഗങ്ങളല്ലാത്ത കുട്ടികളെ നേരില്‍ കാണുന്നതിനും ഫോണ്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നതിനും വിദ്യാഭ്യാസ വകുപ്പ് അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബന്ധപ്പെട്ടരേഖ: https://keralanews.gov.in/5232/Newstitleeng.html