കോഴിക്കോട് ജില്ലയില്‍ 674 പഠനകേന്ദ്രങ്ങള്‍ക്ക് തുടക്കമായി

കോഴിക്കോട് : കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസ് പൊതുസമൂഹം ഒന്നടങ്കം ഏറ്റെടുത്തുവെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ഓണ്‍ലൈന്‍ ക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സൗകര്യങ്ങളുടെ കുറവ് മൂലം ഒരു വിദ്യാര്‍ഥിക്ക് പോലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭിക്കാതെ പോവരുത്. ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അവരുടെ വീടുകളിലോ പൊതുപഠന കേന്ദ്രങ്ങളിലോ പഠനസൗകര്യം ഉറപ്പുവരുത്തും. ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരുമൊക്കെ പഴുതടച്ചുള്ള ശ്രദ്ധ ഇതില്‍ ചെലുത്തണമെന്ന് മന്ത്രി പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളെ കൊവിഡിനെ ഭയന്ന് പരീക്ഷ നടത്താതെ വിദ്യാര്‍ഥികളെ ജയിപ്പിച്ചപ്പോള്‍ നമ്മള്‍ ആ വെല്ലുവിളി ഏറ്റെടുത്തു. ആരോഗ്യവകുപ്പ് നിര്‍ദേശിച്ച സുരക്ഷമാനദണ്ഡങ്ങള്‍ പാലിച്ച് പൊതുപരീക്ഷകള്‍ പൂര്‍ണമായും നടത്തി. സംസ്ഥാനം ഇന്ന് വിദ്യാഭ്യാസ മേഖലയിലും കുതിക്കുകയാണ്. പ്രാദേശിക തലത്തില്‍ പോലും ഹൃദ്യമായ സ്വീകരണമാണ് ഓണ്‍ലൈന്‍ പഠന രീതിക്ക് ലഭിക്കുന്നത്. ക്ലാസ് മുറികളിലുള്ള പഠനം തന്നെയാണ് നമ്മുടെ ലക്ഷ്യം. നിലവിലെ സാഹചര്യത്തില്‍ അത് ബുദ്ധിമുട്ടാണ്. മികച്ച ആസൂത്രണത്തോടെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ കൊണ്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു. ക്ലാസുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന വിദ്യാഭ്യാസ മേഖലയിലെ എല്ലാ ഉദ്യോഗസ്ഥരെയും മറ്റു പ്രവര്‍ത്തകരേയും മന്ത്രി അഭിനന്ദിച്ചു.

ജില്ലയില്‍ 674 പഠനകേന്ദ്രങ്ങളിലായി 4407 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. 233 ഗ്രന്ഥാലയങ്ങളും 182 അങ്കണവാടികളും 88 സാംസ്‌കാരിക നിലയങ്ങളും 41 ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബുകളുമാണ് പൊതുപഠനകേന്ദ്രങ്ങളായിട്ടുള്ളത്. പുറമേ ബി.ആര്‍.സി ഹാളുകള്‍, ക്ലസ്റ്റര്‍ കേന്ദ്രങ്ങള്‍, പ്രതിഭാകേന്ദ്രങ്ങള്‍, ശിശുമന്ദിരങ്ങള്‍, വയോജന കേന്ദ്രങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍, ഗ്രാമസേവാകേന്ദ്രങ്ങള്‍, പകല്‍വീടുകള്‍, ഓട്ടിസം സെന്ററുകള്‍, ബഡ്‌സ് സ്‌കൂളുകള്‍, പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്ററുകള്‍, വിജ്ഞാന്‍വാടികള്‍, വിവിധ ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളിലായി 130 സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ മേഖലകളിലെ സംഭാവനകള്‍ വഴി 3093 വിദ്യാര്‍ഥികള്‍ക്ക് വീട്ടില്‍ നിന്ന് തന്നെ പഠിക്കാനുള്ള ഓണ്‍ലൈന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ ഓരോ സ്‌കൂളുമായി ബന്ധപ്പെടുകയും കുട്ടികളെ വിളിച്ച് സൗകര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പഠനകേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

എ പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എ മാരായ ഡോ.എം.കെ മുനീര്‍, സി.കെ നാണു, പുരുഷന്‍ കടലുണ്ടി, പി.ടി.എ റഹീം, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ സാംബശിവ റാവു, എസ്.ഇ.ആര്‍.ടി ഡയരക്ടര്‍ ഡോ.ജെ പ്രസാദ്, മുക്കം മുഹമ്മദ്, എം. രാധാകൃഷ്ണ മാസ്റ്റര്‍, ബി.മധു, ഷെല്‍വ മണി, സുരേഷ് കുമാര്‍, കെ.വി പത്മനാഭന്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമഗ്ര ശിക്ഷ ജില്ലാ പ്രൊജക്ട് കോഡിനേറ്റര്‍ ഡോ. എ.കെ അബ്ദുല്‍ ഹക്കിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ ഉപഡയരക്ടര്‍ വി.പി മിനി സ്വാഗതവും ഹയര്‍സെക്കന്‍ഡറി മേഖല ഉപഡയറക്ടര്‍ കെ. ഗോകുല കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5242/Newstitleeng.html






Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →