തൃശൂര്‍: മുല്ലശ്ശേരി പറമ്പന്തളി സ്വദേശി നരിയംപുള്ളി ആനടത്ത് സുബ്രഹ്മണ്യന്റെ മകള്‍ ശ്രുതിയുടെ മരണം കൊലപാതകമെന്ന ആരോപണം ശക്തമായി. മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരുന്നതിന് ജനകീയ ആക്ഷന്‍ കൗണ്‍സില്‍ പ്രക്ഷോഭ പരിപാടികള്‍ക്കു രൂപം നല്കി. ശ്രുതിയുടെ മരണം കൊലപാതകമാണെന്നാണ് വീട്ടുകാരും നാട്ടുകാരും വിശ്വസിക്കുന്നത്. തങ്ങള്‍ക്കു നീതി കിട്ടണമെന്നും സത്യം പുറത്തുവരണമെന്നും ശ്രുതിയുടെ മാതാപിതാക്കളും ആവശ്യപ്പെടുന്നു.
ജനുവരി ആറിന് രാത്രിയായിരുന്നു സംഭവം. വിവാഹം കഴിഞ്ഞ് 14-ാം ദിവസം ഭര്‍ത്താവ് പെരിങ്ങോട്ടുകര കിഴക്കുമുറി കരുവേലി അരുണിന്റെ വീട്ടിലെ ബാത്ത്റൂമില്‍ ശ്രുതിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ശ്രുതിയുടെ മരണത്തിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വീട്ടുകാര്‍ക്കു ലഭിച്ചത് ഫെബ്രുവരി 13 നാണ്. മുഖത്തും കഴുത്തിലും മുറിവുകളുള്ളതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനകളുണ്ട്.
ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും പരാതി നല്‍കിയെങ്കിലും ആറുമാസമായിട്ടും പോലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. ഇതാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാനും പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കാനും കാരണമായത്.

