ആലപ്പുഴ: കടലാക്രമണം, വെള്ളപ്പൊക്കം എന്നിവ നേരിടുന്നതിന് ജില്ലയിലെ എല്ലാ വകുപ്പുകളും പൂര്‍ണ്ണ സജ്ജമാകണമെന്ന് ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത്- രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍. കാലവര്‍ഷത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് ആസൂത്രണ സമിതിഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും മന്ത്രി വിലയിരുത്തി. കാലവര്‍ഷം ശക്തിപ്പെട്ടാല്‍ കടലാക്രമണ സാധ്യത കൂടും. ഇക്കാര്യത്തില്‍ ഇറിഗേഷന്‍ വകുപ്പിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടാകണമെന്ന് മന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി. കടലാക്രമണം തടയാന്‍ ശാസ്ത്രീയമായ പരിഹാര മര്‍ഗ്ഗങ്ങള്‍ തേടണം. ഇതിന് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ നിര്‍ദ്ദേശങ്ങളും പരിഗണിക്കണം.
കിഫ്ബിയുടെ സഹായത്താല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതിനുള്ള അഞ്ചു പ്രവര്‍ത്തികള്‍ക്ക് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗത്തില്‍ അനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 184 .04 കോടി രൂപയുടെ അനുമതിയാണ് ലഭിച്ചിട്ടുള്ളത്. ടെന്‍ഡര്‍ നടപടിയായ സ്ഥിതിക്ക് ഇനി കരാര്‍ വെച്ച് പണികള്‍ ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ യോഗ ത്തില്‍ മന്ത്രിയെ അറിയിച്ചു. അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ കോമന മുതല്‍ പുന്നപ്ര ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ വരെ 2.75 കിലോമീറ്റര്‍, ആലപ്പുഴ നിയോജക മണ്ഡലത്തില്‍ ഓടാ പൊഴിമുതല്‍ വാഴക്കൂട്ടം പൊഴിവരെ 3. 2 കിലോമീറ്റര്‍, ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ വട്ടച്ചാല്‍ 2.80 കിലോമീറ്ററും ആറാട്ടുപുഴയില്‍ 1.20 കിലോമീറ്ററും പതിയാങ്കരയില്‍ 1.50 കിലോമീറ്ററുമാണ് അനുമതി ലഭിച്ചിട്ടുള്ള പ്രവര്‍ത്തികള്‍. കൂടാതെ കുട്ടനാട്ടിലെ പ്രളയ നിയന്ത്രണവുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ സമിതിയില്‍ നിന്നുള്ള തുക വിനിയോഗിച്ചുള്ള അഞ്ഞൂറിലധികം ജോലികളും പുരോഗമിക്കുന്നുണ്ട്.
തോട്ടപ്പള്ളി പൊഴിമുഖം മുതല്‍ വീയപുരം വരെ 11 കിലോമീറ്റര്‍ ആഴം കൂട്ടുന്നതിന് മൂന്ന് ഡ്രഡ്ജറുകള്‍ പ്രവര്‍ത്തിക്കുന്നു. പൊഴിമുഖം വീതികൂട്ടല്‍ പ്രവര്‍ത്തിയും പുരോഗമിക്കുന്നതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പറഞ്ഞു. എം.പി.മാരായ എ.എം.ആരിഫ്, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എ മാരായ ആര്‍.രാജേഷ്, യു.പ്രതിഭ, ഷാനിമോള്‍ ഉസ്മാന്‍, മന്ത്രി പി. തിലോത്തമന്റെ പ്രതിനിധി, ജില്ല കളക്ടര്‍ എ.അലക്‌സാണ്ടര്‍, ജില്ലാ പോലീസ് മേധാവി പി.എസ്.സാബു, നഗരസഭാ ചെയര്‍മാന്മാരായ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, എന്‍.ശിവദാസ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശാ സി.എബ്രഹാം, വിവിധ വകുപ്പുതല മേധാവികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
കോവിഡ് കെയര്‍ സെന്റര്‍ നഗരസഭാ പരിധിയിലാണ് കൂടുതലായി പ്രവര്‍ത്തിക്കുന്നതെന്നും നഗര സഭകള്‍ക്ക് ഫണ്ട് നല്‍കുമെന്നും ജില്ല കളക്ടര്‍ യോഗത്തില്‍ പറഞ്ഞു. കോവിഡ് കെയര്‍ സെന്ററുകളിലെ ശുചീകരണത്തിന് ജീവനക്കാരെ പ്രതിഫലം നല്‍കി നിയമിക്കാനുള്ള നടപടി സ്വീകരിച്ചതായും കളക്ടര്‍ പറഞ്ഞു
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5182/Newstitleeng.html