എൻ്റെ പേര് ഗിരീഷ് കെ.നായർ. 45 വയസ്സ്. ഡ്രിഗ്രി പഠനം കഴിഞ്ഞ് കലാപ്രവർത്തനവും നാടകവും. ചാനൽ പരിപാടികളുമായി കുറച്ചു കാലം. സംസ്ഥാന സർക്കാരിൻ്റെമികച്ച നാടകത്തിനുള്ള 7 അംഗീകാരങ്ങൾ നേടിയ “ചിന്ന പാപ്പാൻ” ഉൾപ്പെടെ 12 ലധികം നാടകങ്ങൾ. ഇതിനിടെ വിവാഹം കഴിഞ്ഞു. രണ്ട് പെൺകുട്ടികൾ. കാട്ടാക്കടയിലുള്ള വീട്ടിൽ എൻ്റെ അച്ചനും, അമ്മയും ഞങ്ങൾക്കൊപ്പമുണ്ട്.
ജീവിത യാത്രയ്ക്ക് സംഭവിച്ച ബ്രേക്ക് ഡൗൺ ആയിരുന്നു ലോക്ക് ഡൗൺ… ആളെ ഇറക്കി പിന്നെയും കയറ്റി വണ്ടി പുറപ്പെടുകയാണ്.
അതോടെ ജീവിതവണ്ടിയിലെ ക്രമം ആകെ മാറിപ്പോയി.
നിന്ന് യാത്ര ചെയ്തവർ മുൻസീറ്റിൽ ഗമയിൽ ഇരിക്കുന്നു.
ഇരുന്നവർ തൂങ്ങിപ്പിടിച്ച് നിൽക്കുന്നു.
എന്തിന് !
വണ്ടിയുടെ ഡ്രൈവറും കണ്ടക്ടറും ക്ലീനറും വരെ മാറിയിരിക്കുന്നു.
കൊറോണയും ലോക്ക് ഡൗണും വിവിധ തൊഴിൽ ചെയ്തിരുന്നവരുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെപ്പറ്റി അവർ പറയുന്നു ഇവിടെ.
ആ മാറ്റങ്ങൾ സ്വന്തം ജീവിതത്തിൽ, കുടുംബത്തിൽ, സമൂഹത്തിൽ – എങ്ങനെ പ്രതിഫലിച്ചു?
വീട്ടിലും നാട്ടിലും ഒരാൾ എന്തായി മാറി?
മുൻപത്തെ ‘ ജീവിതം, മാറിപ്പോയ ജീവിതം, ഇനി ഉണ്ടാക്കേണ്ട ജീവിതം. അതേപ്പറ്റിയുള്ള വിചാരങ്ങൾ ഉറക്കെ പങ്കുവയ്ക്കുന്ന പംക്തിയാണ് ഇത്.
8 വർഷങ്ങൾക്ക് മുമ്പ്, നാടകം കളി കൊണ്ട് മാത്രം ജീവിതം എങ്ങുമെത്തില്ലെന്ന് തോന്നിയപ്പോള്‍ ബന്ധുവിനൊപ്പം ഗൾഫിൽ പോയി അവിടെ 3 വർഷം ഒരു കമ്പനിയിൽജോലി ചെയ്തു….. മക്കളെയും വേണ്ടപ്പെട്ടവരെയും കാണാനുളള ആഗ്രഹം ! പിന്നെ നാട്ടിലെ ചാനൽ പരിപാടികളും, നാടകവും മാത്രം മനസ്സിലുള്ളതുകൊണ്ട് ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. അങ്ങനെയാണ് എൻ്റെ സുഹൃത്തുക്കളുടെ സംരംഭമായ ദൃശ്യ ടി വി യിൽ, പ്രോഗ്രാം ഡയറക്ടറായും, റിപ്പോർട്ടറായും ജോലി നോക്കി പോരുന്നത്. ഇടയ്ക്ക് ചില സീരിയലുകളിൽ അഭിനയിക്കാനും, ശബ്ദം നൽകാനും, ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്യാനുമുള്ള അവസരങ്ങൾ ലഭിക്കും, എൻ്റെ താല്പര്യങ്ങളും ജീവിത സാഹചര്യങ്ങളും അറിയാവുന്നതുകൊണ്ട് ചാനൽ മാനേജ്മെന്റ് ഒരു എതിർപ്പും പറഞ്ഞിട്ടില്ല. അങ്ങനെ പല വിധ ജോലികളിലൂടെ, കുടുംബം ഒരു വിധം നന്നായി നോക്കി നടത്താനായി.
എന്നാൽ കൊറോണയും തുടർന്നുള്ള അടച്ചിടൽ കാലവും എൻ്റെ കണക്കുകൂട്ടലുകളെ തകിടം മറിച്ചു കളഞ്ഞു.
കച്ചവടസ്ഥാപനങ്ങൾ അടച്ചിട്ട സാഹചര്യത്തിൽ പരസ്യ വരുമാനം ഗണ്യമായി കുറഞ്ഞു. സ്റ്റാഫുകളുടെ ശമ്പളം പോലും നൽകാൻ പണമില്ലാത്ത സാഹചര്യമുണ്ടായി.
എന്നെപ്പോലെ പ്രാദേശിക ചാനൽ രംഗത്ത് പ്രവർത്തിക്കുന്ന ഒത്തിരിപ്പേർ ദുരിതത്തിലാണ് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിച്ചാണ് ഒരു പ്രാദേശിക ചാനൽ നിലനിന്നുപോകുന്നത്. കച്ചവടസ്ഥാപനങ്ങൾ അടച്ചിട്ട സാഹചര്യത്തിൽ പരസ്യ വരുമാനം ഗണ്യമായി കുറഞ്ഞു. സ്റ്റാഫുകളുടെ ശമ്പളം പോലും നൽകാൻ പണമില്ലാത്ത സാഹചര്യമുണ്ടായി.
നമ്മളെ മാത്രം ആശ്രയിക്കുന്ന, കുടും ബത്തിലുള്ളവരോട് പോലും നേരിടുന്ന പ്രതിസന്ധി പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥ -ഇടത്തരം കുടുംബങ്ങളെ ലോക്ക് ഡൗൺ വളരെയേറെ ദുരിതത്തിലാക്കി. ആനുകൂല്യങ്ങൾ പോലും അന്യമായ കാലം. പക്ഷെ നമ്മൾ അനുഭവിക്കുന്നതിനപ്പുറം ദുരിതക്കാഴ്ചകൾ ദിനവും കാണുന്നവരാണ് ഞങ്ങൾ മാധ്യമ പ്രവർത്തകർ, മറ്റുള്ളവരുടെ ജീവിതാവസ്ഥകൾ കണ്ടും, പറഞ്ഞും എഴുതിയും തന്നിലേക്ക് നോക്കാൻ സമയം കിട്ടാത്തവർ. ഈ മഹാമാരിയിലുംപ്രതിക്ഷ നൽകി നമുക്ക് വഴി വെളിച്ചമായ വരെയും തെല്ല് അതിശയത്തോടെ നോക്കി നിന്നിട്ടുണ്ട് ഇവർക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന്.
എൻ്റെ ഒരു സുഹൃത്തുണ്ട്. ഒരു സ്റ്റേജ് ആർട്ടിസ്റ്റ്. മറ്റൊരു തൊഴിലും ചെയ്ത് ശീലമില്ലാത്തയാൾ, ആൾക്കൂട്ടവും, ആഘോഷങ്ങളും വിദൂര സ്വപ്നമായപ്പോൾ വേദിയില്ലാത്ത കലാകാരനായി, പട്ടിണി കിടക്കുന്ന വീട്ടുകാരെ കണ്ട് സ്വയം ശപിച്ച് സമയം കളയാൻ അവൻ ഒരുക്കമല്ലായിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു യാത്രയ്ക്കിടെ ഞാൻ അവനെ കണ്ടു. മുടിയൊക്കെ വെട്ടിയൊതുക്കി, ഇൻഷർട്ട് ചെയ്ത്, ബൈക്കിനു പിന്നിൽ കെട്ടിയ ഒരു ബാഗുമായി. ”വീട്ടിലിരുന്നാൽ പറ്റില്ലളിയാ, ഇത് മാസ്ക്കാ….. വീട്ടുകാരിക്ക് തയ്യലറിയാം. മെഡിക്കൽ സ്റ്റോറുകളിലും, കടകളിലും കൊടുക്കും. കുഴപ്പമില്ല.” ‘കാര്യങ്ങളൊക്കെ നടന്നു പോകുന്നുണ്ട്. ഇത് മാമൻ തന്നതാണെന്ന് പറഞ്ഞ് പിള്ളരക്ക് കൊട്.’ എന്ന് പറഞ്ഞ് നാലഞ്ച് മാസ്ക്കുകൾ എനിക്ക് തന്നു. ഞാൻ നിർബദ്ധിച്ചിട്ടും കാശ് വാങ്ങിയില്ല. സത്യത്തിൽ അവനെ കണ്ടപ്പോൾ സന്തോഷം തോന്നി. സമാധാനവും, സാഹചര്യങ്ങൾ മനസ്സിലാക്കി മുന്നോട്ട് പോയാൽ നമുക്കും ജീവിക്കാനാകും. അതിജീവിക്കാനാകും.
അങ്ങനെ എത്രയൊക്കെ, എന്തൊക്കെ കാഴ്ചകളാണ് മാസ്ക്ക് വച്ച് കടന്നു പോയത്. ഇതിനിടെ സമൂഹത്തിനായ് ത്യാഗങ്ങളും സേവനങ്ങളും ചെയ്ത നന്മ മനസ്സുകളെ ആദരവോടെ ഓർത്തു.
ഇത്തരം കാഴ്ചകളിൽ മാത്രംഒതുങ്ങുന്നതല്ല കൊറോണക്കാലം,
അടച്ചിടലിൽ, വീട്ടിൻ്റെ മുറ്റത്ത് ആദ്യമായ് പച്ചക്കറിതൈ നട്ടവർ, റേഷനറി ആദ്യമായി വാങ്ങിക്കഴിച്ച ശേഷം നന്നെന്ന് അഭിപ്രായം പറഞ്ഞ സമ്പന്നനായ കൊളസ്ട്രോളുകാർ, റോഡിലും, ഓടകളിലും വലിച്ചെറിയപ്പെട്ട മദ്യക്കുപ്പികൾ ബോട്ടിൽ ക്രാഫ്റ്റ് ട്രെൻഡിൽ വീട്ടിനുള്ളിൽ കയറിക്കൂടിയത്, പ്ലാവിനും, ചക്കയ്ക്കും അഭിമാനം കൊണ്ട് ശ്വാസം മുട്ടുവോളം നവ മാധ്യമങ്ങളിലൂടെ തള്ളിയവർ, ഒരേയിടത്ത് ഒന്നിലധികം സമൂഹ അടുക്കള നടത്തി മത്സരിച്ചവർ, അന്നം കിട്ടാതിരുന്നിട്ടും ഉരിയാടാത്തവൻ ആപ്പിൻ്റെ പേരിൽ അറമാദിച്ചത്, അങ്ങനെ എത്രയൊക്കെ, എന്തൊക്കെ കാഴ്ചകളാണ് മാസ്ക്ക് വച്ച് കടന്നു പോയത്. ഇതിനിടെ സമൂഹത്തിനായ് ത്യാഗങ്ങളും സേവനങ്ങളും ചെയ്ത നന്മ മനസ്സുകളെ ആദരവോടെ ഓർത്തു.
സാമ്പത്തിക മാന്ദ്യം എന്ന വലിയ ദുരന്തം കുടുംബങ്ങളെയും രാജ്യത്തെയും ലോകത്തെയും വരിഞ്ഞുമുറുക്കുമ്പോൾ നിയന്ത്രണങ്ങളുടെ പൂട്ടുകൾ ഒരോന്നായി ഇനിയുംതുറക്കും.. അവിടെ പണത്തിനപ്പുറം പ്രാണനാണ് പ്രാധാന്യമെന്ന് നമ്മൾ സ്വയം ബോധ്യപ്പെടുത്തി കൊണ്ടേയിരിക്കണം. അതെ, കരുതൽ മതി. നമ്മൾ ഇതും അതിജീവിക്കും.

ഷിജു നെടുമങ്ങാടിനോട് പറഞ്ഞത്

