തെഹ്റാന്‍: ഇറാനിലെ പ്രതിരോധ വകുപ്പ് തലവന്‍ കാസിം സുലൈമാനെ വധിക്കാന്‍ മൊസാദ്, സിഐഎ എന്നീ ചാരസംഘടനകള്‍ക്കുവേണ്ടി വിവരങ്ങള്‍ ശേഖരിച്ചുനല്‍കിയ ആളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന് ഇറാന്‍ പ്രസ്താവിച്ചു. ഈ സംഘടനകളില്‍നിന്ന് വന്‍തുക പ്രതിഫലംപറ്റി ഇറാന്റെ സായുധസേനയെപ്പറ്റിയുള്ള വിവരങ്ങള്‍ കൈമാറി ചാരപ്പണി നടത്തിയ മഹമൂദ് മൂസവി മാജ്ദിന്റെ വധശിക്ഷയാണു നടപ്പാക്കുക. മാജ്ദിന്റെ വധശിക്ഷ സുപ്രിംകോടതി ശരിവച്ചു. ഇക്കഴിഞ്ഞ ജനുവരിയില്‍ ബാഗ്ദാദിലുണ്ടായ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തിലാണ് ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്.
അമേരിക്കയ്ക്കുവേണ്ടി ചാരപ്പണി നടത്തി ഇറാന്റെ ആണവപദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ വില്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട അമീര്‍ റഹീമിനും ഇറാന്‍ ഇതേ ശിക്ഷ വിധിച്ചിരുന്നു. 2019 ജൂലൈയില്‍ സിഐഎയുടെ ചാരവലയം തകര്‍ത്തു. 2018 മാര്‍ച്ചിനും 2019 മാര്‍ച്ചിനുമിടയില്‍ 17 പ്രതികളെ അറസ്റ്റ് ചെയ്തു. അവരില്‍ ചിലര്‍ക്ക് വധശിക്ഷ വിധിച്ചതായി ജുഡീഷ്യറി വക്താവ് ഗോലം ഹുസയ്ന്‍ ഇസ്മായില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

