ഇടുക്കി: രാജാക്കാട്ട് യുവതി പാമ്പുകടിയേറ്റ് മരിച്ചു. പരപ്പനങ്ങാടി പറത്താനത്ത് സുനിലിന്റെ മകള്‍ അനു(25)വാണ് മരിച്ചത്. ഞായറാഴ്ച മൂന്നരയോടെയാണ് അനുവിനെ പാമ്പ് കടിച്ചത്. ഭര്‍ത്താവ് നാഗരാജിനൊപ്പം വീടിനു സമീപത്തെ കാട് പറിച്ചുനീക്കുന്നതിനിടെ അനുവിന് പാമ്പിന്റെ കടി ഏല്‍ക്കുകയായിരുന്നു. ഉടന്‍ രാജകുമാരിയിലെ സ്വകാര്യ വിഷചികിത്സാ കേന്ദ്രത്തില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടില്‍ മടങ്ങിയെത്തിയ അനുവിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഒരു വര്‍ഷംമുമ്പാണ് അനുവിന്റെയും നാഗരാജിന്റെയും വിവാഹം നടന്നത്. സര്‍പ്പദംശനമുണ്ടായ ഉടന്‍തന്നെ വിദഗ്ധചികിത്സ ലഭ്യമായിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന സംഭവമാണിതെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെടുന്നു.

