തൃശ്ശൂര്‍: കഠിനംകുളം പീഡന കേസ് വെറും സെന്‍സേഷണല്‍ വാര്‍ത്തയ്ക്കപ്പുറം കേരളത്തിന്റെ പൊതു സമൂഹ മനസാക്ഷിക്കു നേരെ ചില സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. സ്ത്രീകളോടും, സ്ത്രീയെ പങ്കാളിയായി കാണുന്നതിലും ഇനിയും കേരള സമൂഹം അപക്വമായി നിലനില്‍ക്കുന്നുണ്ടോ?
കൊച്ചിയിലെ സൈക്ക്യാട്രിസ്റ്റ് ആയ ഡോക്ടര്‍ ബിന്ദുമേനോന്‍ സമദര്‍ശിയോട് പ്രതികരിക്കുന്നു.
കഠിനംകുളം കേസിലെ പ്രതിയുടെ മനോനിലയെ പറ്റി കുറ്റകൃത്യത്തിനു പ്രേരിപ്പിച്ച മാനസികാവസ്ഥയെ പറ്റി ?
ഉ : കുറ്റകൃത്യത്തിനു പ്രേരിപ്പിച്ചത് മാനസികമായ രോഗാവസ്ഥയല്ല മറിച്ച് പ്രകടമായ ക്രിമിനല്‍ ചിന്തയും സാമൂഹ്യവിരുദ്ധ കാഴ്ചപ്പാടും ആണ്. വെറും 1000 രൂപയ്ക്ക് വേണ്ടിയാണ് ഈ കുറ്റം ചെയ്തത് എന്ന് വിശ്വസിക്കാനും പ്രയാസം.
ഇതില്‍ പ്രകടമായി രണ്ടു നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കാന്‍ ഉദ്ദേശിക്കുന്നു.
ഒന്ന്, സ്ത്രീകളെ/ഭാര്യയെ എങ്ങനെയാണ് കേരളത്തിന്റെതു പോലെയൊരു പുരുഷകേന്ദ്രീകൃത സമൂഹം വില വയ്ക്കുന്ന്. രണ്ട്, ഒരു സ്ത്രീക്ക് സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തം അവളെ ശാരീരികമായി കീഴ്‌പ്പെടുത്തുകയാണെന്ന വികല ചിന്താഗതി സ്ത്രീശരീരം വില്‍ക്കാനും വാങ്ങാനും ഉതകുന്ന ഒരു വസ്തുവായി കാണുന്നു എന്നത് ലജ്ജാകരമാണ്.
സ്ത്രീ പുരുഷ ബന്ധങ്ങളിലെ വൈകാരികതയും ആഴവും ചോര്‍ന്ന് പോകുന്നതിനെ കുറിച്ചാണല്ലോ ഈ കേസും ഓര്‍മിപ്പിക്കുന്നത്.?
ഇതും നേരത്തെ പറഞ്ഞ പോലുള്ള പുരുഷകേന്ദ്രീകൃത വ്യവസ്ഥയുടെ ഭാഗമായി വേണം മനസ്സിലാക്കാന്‍. സ്ത്രീ എന്നും പുരുഷന് കീഴടങ്ങി ജീവിക്കേണ്ടതാണ് എന്നുള്ള ഫ്യൂഡല്‍ നിലപാടുകളുടെ തുടര്‍ച്ചയാണ് ഇതും. അത് വിട്ട് ഒരു കുടുംബത്തില്‍ ഭര്‍ത്താവ് ഭാര്യയുമായി ചേര്‍ന്ന് ചെയ്യുന്ന ജോലികള്‍ പോലും, സ്ത്രീക്ക് പുരുഷന്റെ ഔദാര്യം എന്ന രീതിയിലാണ് കരുതുന്നത്. പുരോഗമനപരമായി’ ചിന്തിക്കുന്ന പല കുടുംബങ്ങളും വിശ്വസിക്കുന്നത് അങ്ങനെയാണ്.
ഇങ്ങനെയുള്ള കുടുംബവ്യവസ്ഥ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും തുടരാന്‍ കാരണം?
വിദ്യാഭ്യാസപരമായി കേരളത്തില്‍ വന്ന മാറ്റങ്ങള്‍ സാമൂഹ്യ പുരോഗതിക്ക് കാരണമായി. എന്നിരുന്നാലും, സ്ത്രീകള്‍ കൈവരിച്ച മുന്നേറ്റം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ യാഥാസ്ഥിതികര്‍ ഉള്‍പ്പെടുന്ന പുരുഷ വിഭാഗത്തിന് അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. മറ്റു ചില വശങ്ങള്‍ കൂടിയുണ്ട്. കഴിഞ്ഞ തലമുറ വരെയുള്ളവര്‍ വിവാഹബന്ധത്തിന്റെ ഗുണമായി കണക്കാക്കിയിരുന്നത് അതിന്റെ കാലദൈര്‍ഘ്യം ആയിരുന്നു. ഇന്ന് ചെറിയ കാര്യത്തിനുപോലും പരസ്പര വിശ്വാസവും സ്‌നേഹവും നഷ്ടപ്പെട്ട് വഴി പിരിഞ്ഞു പോകുന്ന വൈവാഹിക ബന്ധങ്ങള്‍ സര്‍വ്വസാധാരണം. പെണ്‍കുട്ടികളുടെ വ്യക്തി ബോധം അവര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസവും ഒന്നിനും കീഴ്‌പ്പെടാതെ ജീവിക്കാനുള്ള ഉറപ്പുനല്‍കുന്നുണ്ട്. കൊല്ലങ്ങള്‍ക്ക് മുന്‍പ് നടത്തിയ വിവാഹ നിശ്ചയത്തിനു ശേഷവും, ലിവിങ് ടുഗെതര്‍ റിലേഷനില്‍ ഉള്ളവരും, ഒരുപാട് തവണ ഡേറ്റിംഗ് ചെയ്തവരും ഒക്കെ വിവാഹത്തിലേക്ക് കടക്കുമ്പോള്‍ അടി പതറുമ്പോള്‍ അത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒരുമിച്ച് ജീവിച്ചു തുടങ്ങുമ്പോള്‍, അതുവരെ ഉണ്ടായിരുന്ന വ്യക്തി ബോധം ലയിച്ച്, മാനസികമായി കൂടുതല്‍ ഒന്നാവേണ്ടതുണ്ട്. ഇവിടെയാണ് പരസ്പര സഹകരണത്തിന്റെയും വിശ്വാസത്തിന്റെയും മൂല്യം വെളിവാകുന്നത്.

