ആറ്റിങ്ങല്‍: മദ്യപസംഘം വനിതയുടെ ബിസിനസ് സ്ഥാപനം തകര്‍ത്തു. ആക്രമത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. അയിലം കാറ്റാടിപൊയ്ക പി എസ് നിവാസില്‍ സുഗന്ധിയുടെ വീടിനോടുചേര്‍ന്നുള്ള കടയാണ് തകര്‍ത്തത്. കടയില്‍ ടിവി കാണുകയായിരുന്ന നാലുവയസുകാരിയടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. സുഗന്ധി(53), കുട്ടികളായ വൈഗ നന്ദ, ആരഭി കൃഷ്ണ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മദ്യപിച്ച് ബൈക്കിലെത്തിയ ഇരുവരും കടയുടെ സമീപമെത്തിയപ്പോള്‍ തെരുവനായ്ക്കള്‍ കുരച്ചുകൊണ്ട് ബൈക്കിന് മുന്നിലേക്ക് ചാടി. ബൈക്ക് നിറുത്തിയിറങ്ങി ഇരുവരുംചേര്‍ന്ന് നായ്ക്കളെ കല്ലെറിഞ്ഞു. വൈഗ നന്ദയ്ക്കാണ് ഏറുകൊണ്ടത്. ഇത് സുഗന്ധിയുടെ മരുമകന്‍ ചോദ്യംചെയ്തതാണ് ആക്രമണത്തിനു കാരണം. മരുമകനുമായി വാക്കുതര്‍ക്കം ഉണ്ടായതുകണ്ട് സുഗന്ധി തടസംപിടിക്കാനെത്തി. ഇതോടെ അക്രമാസക്തരായ യുവാക്കള്‍ കടയിലേക്ക് കല്ലെറിയുകയായിരുന്നു. ചില്ലലമാരകളും പ്ലാസ്റ്റിക് മേശയും കസേരയും അടക്കം കല്ലേറില്‍ തകര്‍ന്നു. ആറ്റിങ്ങല്‍ പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടു. പരിക്കേറ്റ കുട്ടികള്‍ ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയില്‍ ചികിത്സ തേടി. ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

