കരുനാഗപ്പള്ളി : കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് ജി ജി ഭവനിൽ ജി ജയകൃഷ്ണൻ (40) ആണ് മരിച്ചത്. ഞായറാഴ്ച (07/06/2020) ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം സംഭവിച്ചത്. കുടുംബ വീടിനോടു ചേർന്ന് മത്സ്യകൃഷി നടത്താനായി ആഴം വർധിപ്പിച്ച കുളത്തിലാണ് മുങ്ങിമരിച്ചത്.
മത്സ്യകൃഷി നടത്താനായി ദിവസങ്ങൾക്കുമുമ്പ് മുമ്പ് കുളത്തിന് ആഴം വർധിപ്പിച്ചിരുന്നു. പഴയ കുളത്തിനടുത്ത് തന്നെ പുതിയ രണ്ടു കുളങ്ങളും കുഴിച്ചു. ശനിയാഴ്ച ജയകൃഷ്ണനും തൊഴിലാളികളും ചാക്കിൽ മണ്ണ് നിറച്ച് പഴയ കുളത്തിന്റെ മൺതിട്ട ബലപ്പെടുത്തി. ഞായറാഴ്ച രാവിലെ ജയകൃഷ്ണൻ മക്കളെയും കൂട്ടി കുളത്തിൽ വന്നു കുറെ നേരം നീന്തി. ഉച്ചയ്ക്ക് മക്കളെ ഭക്ഷണം കഴിക്കാനായി കുടുംബ വീട്ടിൽ കൊണ്ടുവന്നു വിട്ടു. തനിച്ച് കുളത്തിന് അടുത്തേക്ക് പോന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വന്നില്ല. അന്വേഷിച്ചു ചെന്നപ്പോൾ മാസ്ക് കുളത്തിൽ കണ്ടെത്തി. ഫയർഫോഴ്സ്കാരെ വിവരമറിയിച്ചു. ഫയർഫോഴ്സ് സംഘം തിരച്ചിൽ നടത്തിയപ്പോൾ ചെളിയിൽ പുതഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കുളത്തിൽ ഇറങ്ങിയപ്പോൾ കാൽവഴുതി ചെളിയിൽ അകപ്പെട്ടത് ആകാം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പരേതനായ ഡെപ്യൂട്ടി കളക്ടർ പി ഗോപാലകൃഷ്ണന്റെയും റിട്ട. പ്രഥമ അധ്യാപിക ജയദേവിയുടേയും മകനാണ്.
ഭാര്യ: നിഷ.
മക്കൾ : ശ്യാം തുഷാർ