ഒല്ലൂർ : നായയുടെ വായ ഇൻസുലേഷൻ ടേപ്പ് കൊണ്ട് വരിഞ്ഞു കെട്ടി. തൃശ്ശൂർ ജില്ലയിലെ ഒല്ലൂരിലാണ് നായയെ കണ്ടെത്തിയത്. ടേപ്പ് ചുറ്റിയ നിലയിൽ പരക്കം പാഞ്ഞു നടന്ന നായയെ അവശനിലയിലായിരുന്നു കണ്ടെത്തിയത്. രണ്ടാഴ്ച വായ തുറക്കാനാകാതെ, ഒന്നും ഭക്ഷിക്കാനാകാതെ, വെള്ളം കുടിക്കാനാകാതെ ആ മിണ്ടാപ്രാണി അവശനിലയിലായിരുന്നു.
നായയുടെ താടിയെല്ല് ചേർത്ത് മൂക്കിനു മുകളിൽ ആയിരുന്നു ടേപ്പ് ചുറ്റിയത്.: മുഖത്തെ മാംസത്തിലേക്ക് താഴ്ന്ന നിലയിലായിരുന്നു ടേപ്പ്. ആരാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് അറിയില്ല.
ഇത് കണ്ട നാട്ടുകാർ മൃഗസംരക്ഷണ സന്നദ്ധ സംഘടനയായ പോസിനെ (പീപ്പിൾ ഫോർ ആനിമൽ വെൽഫെയർ സർവീസ് ) വിവരമറിയിച്ചു. അവരെത്തി ചുറ്റിയ ടേപ്പ് അഴിച്ചുമാറ്റി. നായ ആർത്തിയോടെ വെള്ളം കുടിച്ചു. ആവുംവിധം കരഞ്ഞു.
വൈദ്യസഹായം നൽകിയതിനുശേഷം പോസിൻറെ കോളങ്കാട്ടുകര സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റി.