ഗോരഖ് പൂര്: സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ തീവണ്ടിക്ക് പിന്നാലെ ഓടി നാലുമാസം പ്രായമായ കുഞ്ഞിനുള്ള പാല് എത്തിച്ച് നല്കിയ ആര്‍പിഎഫ് കോണ്‍സ്റ്റബിളിന് റെയില്‍വേ മന്ത്രാലയത്തിന്റെ പുരസ്കാരം.
റെയില്‍വേ മന്ത്രി പീയുഷ് ഗോയലാണ് കോണ്‍സ്റ്റബിള്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ഇന്ദര്‍ യാദവിന് കാഷ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലേക്കുള്ള ട്രെയിന്‍ ഭോപ്പാല്‍ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ശനിയാഴ്ച (06-06-2020) ആണ് മന്ത്രി പുരസ്കാരം പ്രഖ്യാപിച്ചത്
ട്രെയിനിലെ യാത്രക്കാരായിരുന്നു ഷാഫിയ ഹാഷ്മിയും മകളും. യാത്രക്കിടയില്‍ കുഞ്ഞിന് പാല് കണ്ടെത്താന്‍ ഷാഫിയയ്ക്ക് സാധിച്ചില്ല. ട്രെയിന്‍ ഭോപ്പാല്‍ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ഷാഫിയ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ഇന്ദര്‍ യാദവിന്റെ സഹായം തേടി.
പാല് അന്വേഷിച്ചിറങ്ങിയ യാദവ് പാലുമായി എത്തുമ്പോഴേക്കും വണ്ടി പുറപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ട്രെയിന്‍ പിറകേ ഓടി കുഞ്ഞിന് പാല് എത്തിച്ചത്.
പാലുമായി ഓടുന്ന യാദവിന്റെ ദൃശ്യം റെയില്‍വേ സ്റ്റേഷനിലുള്ള സിസിടിവിയില്‍ പതിഞ്ഞിരുന്നു. കോണ്സ്റ്റബിളിന്റെപ്രവൃത്തി വാര്‍ത്തയായതോടെ റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ഉള്‍പ്പടെ നിരവധിപേര്‍ യാദവിനെ അഭിനന്ദിച്ചു.
കുഞ്ഞുമായി വീട്ടില്‍ സുരക്ഷിതമായി തിരിച്ചെത്തിയ ഷാഫിയ ഹാഷ്മി പിന്നീട് യാദവിന് നന്ദി അറിയിച്ചു. തങ്ങളുടെ ജീവിതത്തിലെ യഥാര്‍ഥ ഹീറോ എന്നാണ് അവര്‍ ഇന്ദറിനെ വിശേഷിപ്പിച്ചത്. ‘പാല് ലഭിക്കാത്തതുകാരണം കുഞ്ഞിന് പച്ചവെള്ളത്തിലാണ് ബിസ്കറ്റ് നനച്ച് നല്‍കിയിരുന്നത്. ഇന്ദര്‍ യാദവ് ഞങ്ങളെ സഹായിച്ചു.’ ഷാഫിയ പറഞ്ഞു.

