ന്യൂഡൽഹി: വർണവിവേചനത്തിന്റെ കാലഘട്ടത്തിലെ ആകുലതകൾ അമേരിക്കൻ മനസ്സിലിപ്പോഴും ഒളിഞ്ഞു കിടക്കുന്നു. വെളുത്ത വർഗക്കാർ തങ്ങളെ കൊല്ലാനും അടിച്ചമർത്താൻ ഉള്ളവരാണ് എന്ന് തന്നെയാണ് കറുത്തവർഗ്ഗക്കാരന്റെ മനസ്സിനുള്ളിലെ ബോധ്യം. ജോർജ് ഫ്ലോയ്ഡിന്റെ അരുംകൊല ആ ബോധത്തെ വീണ്ടും പുറത്തെടുത്തിരിക്കുന്നു.
നൂറ്റാണ്ടുകളുടെ അനുഭവങ്ങളാണ് അമേരിക്കയിലെ കറുത്ത വർഗ്ഗക്കാർക്ക് പറയുവാനുള്ളത്. വെള്ളക്കാരുടെ പൂർവികർ ആഫ്രിക്കയിൽനിന്നും വിലയ്ക്ക് വാങ്ങി കൊണ്ടു വന്ന കാപ്പിരി മനുഷ്യരുടെ പിൻമുറക്കാർ അനുഭവിച്ചു തീർത്ത കഷ്ടതകൾക്ക് കണക്കില്ല. കുടിച്ചുതീർത്ത കണ്ണുനീരും ചിന്തിയ ചോരയും വിയർപ്പും കടലോളം വരും. അതാണ് കറുത്തവർഗ്ഗക്കാരുടെ ആരുടെ സാമൂഹിക ഭൂതകാലം. ആ ഭൂതകാലത്തിലെ ഓർമ്മകൾ പലതലങ്ങളിൽ പുറത്തേക്ക് വരികയാണ്.
വെളുത്ത വർഗക്കാർ കറുത്തവരായ തങ്ങളെ കൊല്ലുന്ന ഭീതി എവിടെ നിന്നോ അറിയാതെ മനസ്സിൽ കടന്നുകൂടിയ ഒരു പിഞ്ചു പെൺകുട്ടി അതേപ്പറ്റി നിരന്തരം അച്ഛനോട് ചോദിക്കാൻ തുടങ്ങി. കറുത്ത വർഗക്കാരെ വെളുത്ത വർഗക്കാരുടെ പോലീസും കൊല്ലുമോ എന്ന് പെൺകുട്ടി ചോദിച്ചുകൊണ്ടിരുന്നു. കറുത്തവനായ അച്ഛന് ഉറപ്പു കൊടുക്കാൻ കഴിയുകയുമില്ല. ഒടുവിൽ വെള്ളക്കാരനായ പോലീസുകാരനോട് സംശയനിവൃത്തി വരുത്തുവാൻ വേണ്ടി അച്ഛൻ മകളെ എടുത്തു കൊണ്ട് പോലീസുകാരന്റെ അടുത്തേക്ക് പോയി. കറുത്ത പിഞ്ചു പെൺകുട്ടിയുടെ ചോദ്യങ്ങളും പൊലീസുകാരന്റെ മറുപടിയും അടങ്ങുന്ന വീഡിയോ അമേരിക്കയെ നന്നായി വെളിപ്പെടുത്തുന്നു.
പെൺകുട്ടി പൊലീസിനോടു ചോദിച്ചു, “നിങ്ങൾ ഞങ്ങളെ വെടി വയ്ക്കുമോ?”
കുനിഞ്ഞിരുന്ന് പെൺകുട്ടിയെ ചേർത്തുപിടിച്ചുകൊണ്ട് പോലീസുകാർ ചോദ്യത്തിന് മറുപടി നൽകി, “ഞങ്ങൾ നിങ്ങളെ സംരക്ഷിക്കാൻ ഉള്ളവരാണ് നിങ്ങളെ വേദനിപ്പിക്കുന്നവരല്ല.”
അവളുടെ അടുത്ത ചോദ്യം, “ഞങ്ങൾക്ക് പ്രതിഷേധിക്കാമോ?”
പോലീസുകാരൻ പറഞ്ഞു, “നിങ്ങൾക്ക് പ്രതിഷേധിക്കുകയോ മാർച്ച് ചെയ്യുകയോ എന്തുവേണമെങ്കിലും ചെയ്യാം. പക്ഷേ ഒന്നു നശിപ്പിക്കരുത്.”