കണ്ണൂര്‍: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവനും സ്വത്തും നഷ്ടമാവുന്ന കര്‍ഷകരുടെ പ്രശ്‌നം ചൂണ്ടിക്കാട്ടി വിവിധ സംഘടനകള്‍ രംഗത്ത്. മണ്ണാര്‍കാട്ട് സ്‌ഫോടകവസ്തു പൊട്ടി ചരിഞ്ഞ കാട്ടാനയുടെ മരണവുമായി ബന്ധപ്പെട്ട് ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന പാവപ്പെട്ട പൈനാപ്പിള്‍ കര്‍ഷകനെ അറസ്റ്റ് ചെയ്തത് നീതിക്ക് നിരക്കാത്തതാണെന്നും കര്‍ഷകന് നീതി കിട്ടുന്നതിനായി കോടതിയില്‍ പോകുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കുമെന്നും കേരളാ കോണ്‍ഗ്രസ് (എം) കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ്. ഇതിനുമുമ്പ് ഗര്‍ഭിണികളെയും സ്‌കൂള്‍ വിദ്യാര്‍ഥികളെയും അതിരാവിലെ റബര്‍ ടാപ്പ് ചെയ്യാന്‍ പോകുന്ന കര്‍ഷകരെയുമൊക്കെ കാട്ടാന ചവിട്ടി കൊന്നിട്ടുണ്ട്. അന്നൊന്നുമില്ലാത്ത കോലാഹലം ഇപ്പോള്‍ അനാവശ്യമാണ്.
മൃഗങ്ങളെ വനത്തിനുള്ളില്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനാണ്. വന്യമൃഗങ്ങള്‍ പുറത്തുവരാതെ വനത്തിനുചുറ്റും വേലികെട്ടി സര്‍ക്കാര്‍ സംരക്ഷിക്കണം. മൃഗങ്ങളുടെ ഭക്ഷണവും സംരക്ഷണവും ഉറപ്പാക്കേണ്ട ഉത്തരവാദിത്തം വനംവകുപ്പിനാണ്, അല്ലാതെ കര്‍ഷകനല്ല. കേരളം സ്ഥാപിതമായപ്പോള്‍ ഇവിടുത്തെ വനം 21 ശതമാനം മാത്രമായിരുന്നു. ഇന്നത് 29 ശതമാനമായി വര്‍ധിച്ചു. ദേശീയ ശരാശരി ഇന്നും 19 ശതമാനം മാത്രമാണ്.
വനമേഖല കുറഞ്ഞതല്ല മൃഗങ്ങള്‍ നാട്ടിലിറങ്ങാന്‍ കാരണം. സ്വാഭാവിക വന ശോഷണവും ഗ്രാന്റീസ്, കാറ്റാടി, തേക്ക്, അക്കേഷ്യ തുടങ്ങിയ വൃക്ഷങ്ങള്‍ വനത്തിലെ നീര്‍ത്തടങ്ങള്‍ വറ്റിച്ചത് വന്യമൃഗങ്ങള്‍ക്ക് ഭക്ഷണവും കുടിനീരും ഇല്ലാതാക്കി. ഇതിന്റെ ഉത്തരവാദിത്തം കര്‍ഷകന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നവരെ ജനമധ്യത്തില്‍ തുറന്നുകാണിക്കാന്‍ കേരളാ കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നും ജില്ല സെക്രട്ടറിയേറ്റ് പറഞ്ഞു.

