തിരുവനന്തപുരം: ലോക പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് വനംവകുപ്പ് തയ്യാറാക്കിയ വൃക്ഷത്തൈകളുടെ സംസ്ഥാനതല വിതരണത്തിന് വനംമന്ത്രി അഡ്വ കെ രാജു നാളെ (ജൂണ്‍ 5) തുടക്കം കുറിക്കും. തിരുവനന്തപുരം കുടപ്പനക്കുന്ന് ദൂരദര്‍ശന്‍ കേന്ദ്രവളപ്പില്‍ രാവിലെ 9.30ന് നടക്കുന്ന ചടങ്ങില്‍ തൈ നട്ടുകൊണ്ട് പരിസ്ഥിതിദിനാചരണ പരിപാടികള്‍ക്കും മന്ത്രി തുടക്കമിടും. സാമൂഹ്യവനവത്ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായുള്ള വൃക്ഷത്തൈ വിതരണവും നടീലും ഇതിനോടനുബന്ധിച്ച് നടക്കും. കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചും വിപുലമായ പരിപാടികള്‍ ഒഴിവാക്കിയുമാണ് വകുപ്പ് ഇത്തവണ പരിസ്ഥിതി ദിനം ആചരിക്കുക.
ദിനാചരണത്തോടനുബന്ധിച്ച് ഹരിതരകേരളം പദ്ധതിയുടെ ഭാഗമായി 57.7 ലക്ഷം വൃക്ഷത്തൈകളാണ് വിതരണത്തിനായി തയ്യാറാക്കിയത്. ഇതില്‍ 47 ലക്ഷം തൈകള്‍ തദ്ദേശസ്വയംഭരണ വകുപ്പു മുഖേന സൗജന്യമായി വിതരണം ചെയ്യും. പരിസ്ഥിതി ദിനത്തില്‍ തുടങ്ങി ജൂലൈ മാസത്തിലെ വനമഹോത്സവം വരെയുള്ള കാലയളവില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, മതസ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍ എന്നിവര്‍ക്ക് തൈകള്‍ സൗജന്യമായി ലഭിക്കും.
വനമഹോത്സവത്തിന്റെ ഭാഗമായി ആദിവാസി കോളനികള്‍, വനസംരക്ഷണ സമിതി/ ഇക്കോഡെവലപ്പ്‌മെന്റ് കമ്മിറ്റികള്‍ എന്നിവയുടെ പരിധിയില്‍ വരുന്ന വനമേഖലകള്‍, വനപ്രദേശങ്ങളുടെ പുനസ്ഥാപനം എന്നിവയ്ക്കായി സാമൂഹ്യ വനവത്ക്കരണ വിഭാഗം 10.7 ലക്ഷം വൃക്ഷത്തൈകളാണ് വിതരണം ചെയ്യുക. വനം വകുപ്പിന്റെ സാമൂഹ്യവനവത്ക്കരണ വിഭാഗം തയ്യാറാക്കിയ 57.7 ലക്ഷം തൈകളില്‍ 24.89 ലക്ഷം ഫലവൃക്ഷത്തൈകളും 5.78 ലക്ഷം പുഷ്പിക്കുന്നവയും 7.84 ലക്ഷം ഔഷധ സസ്യങ്ങളും 3.77 ലക്ഷം സമുദ്ര/നദീതട സംരക്ഷണത്തിന് ഉപയോഗപ്രദമായതും 15.37 ലക്ഷം തൈകള്‍ തടിയുപയോഗത്തിനുള്ളവയുമാണ്. മാവ്, ഞാവല്‍, പുളി, പ്ലാവ്, അമ്പഴം, സപ്പോട്ട, മാതളം, റംപുട്ടാന്‍, മുരിങ്ങ, കണിക്കൊന്ന, മന്ദാരം, മഞ്ചാടി, മണിമരുത്, കുന്നിവാക,തേക്ക്, ഈട്ടി, കുമ്പിള്‍, പൂവരശ്, അഗത്തിചീര, ദന്തപാല, മുള തുടങ്ങി നാല്‍പതോളം ഇനം വൃക്ഷത്തൈകളാണ് ഇക്കുറി വിതരണത്തിനായി തയാറാക്കിയത്.
ബന്ധപ്പെട്ട രേഖ:https://keralanews.gov.in/4864/Newstitleeng.html