ഉത്തരയ്ക്ക് വിവാഹസമയത്ത് കൊടുത്തത് 98 പവന്‍. ഇപ്പോള്‍ ആകെ ബാക്കിയുള്ളത് പത്തു പവന്‍ മാത്രം

കൊല്ലം: ഉത്തരയെ മൂര്‍ഖനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണസംഘം അടൂര്‍ ഫെഡറല്‍ ബാങ്ക് ശാഖയില്‍ പരിശോധന നടത്തി. ലോക്കറില്‍ 10 പവനും ഒരു ലക്ഷം രൂപയുടെ കാര്‍ഷിക വായ്പയ്ക്ക് ഈടായി നല്‍കിയ ആറു പവനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിവാഹസമയത്ത് ഉത്തരയ്ക്ക് നല്‍കിയത് 98 പവന്‍ സ്വര്‍ണമാണ്. സൂരജ് ആഭരണങ്ങള്‍ മറ്റ് ഏതെങ്കിലും ബാങ്കില്‍ സൂക്ഷിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി. ലോക്കറില്‍നിന്ന് നേരത്തെ എടുത്ത 38 പവന്‍ സൂരജിന്റെ പറക്കോട്ടെ വീടിനുസമീപം കുഴിച്ചിട്ടത് അന്വേഷണസംഘം കണ്ടെടുത്തിരുന്നു. ഉത്തരയുടെ ആഭരണം ഈടുവച്ച് വാങ്ങിയ ബൈക്ക് സൂരജ് സുഹൃത്തിനെ ഏല്‍പ്പിച്ചിരുന്നു. ഇത് അന്വേഷകസംഘം പിടിച്ചെടുത്തു.

മൂര്‍ഖന്റെ ശൗര്യം വര്‍ധിപ്പിക്കാനായി 11 ദിവസം പട്ടിണിക്കിട്ടശേഷമാണ് ഉത്തരയെ കടിപ്പിച്ചതെന്ന് സൂരജ് അന്വേഷണസംഘത്തോട് സമ്മതിച്ചു. ഗുളിക ജ്യൂസില്‍ ചേര്‍ത്തുനല്‍കി മയക്കിയ ഉത്തരയുടെ ഇടതുഭാഗത്ത് മുര്‍ഖനെ ജാറില്‍നിന്ന് കുടഞ്ഞിടുകയായിരുന്നു. കൃത്യം നടത്തിയത് രാത്രി 12നും 12.30നും ഇടയില്‍ അരണ്ട വെളിച്ചത്തിലായിരുന്നെന്നും സൂരജ് അറിയിച്ചു. ഏപ്രില്‍ 24 മുതല്‍ മെയ് ആറുവരെ പ്ലാസ്റ്റിക് ജാറില്‍ അടച്ചുസൂക്ഷിച്ച മൂര്‍ഖനെ ഉത്തരയുടെ ശരീരത്തില്‍ കുടഞ്ഞിട്ടപ്പോള്‍ അത് തന്റെനേരെ ചീറ്റി. തുടര്‍ന്ന് ഉത്തരയെ ആഞ്ഞുകൊത്തുകയായിരുന്നു. മൂര്‍ഖന്റെ ചീറ്റല്‍കണ്ട് താന്‍ ഭയന്നുവിറച്ചുപോയെന്നും സൂരജ് പറഞ്ഞു.

ഉത്തരയെ കൊലപ്പെടുത്താന്‍ മൂന്നുതവണ ശ്രമിച്ചുവെന്നും അന്വേഷണ സംഘത്തോട് സൂരജ് സമ്മതിച്ചു. ഫെബ്രുവരി 29ന് സ്റ്റെയര്‍കേസില്‍ അണലിയെ ഇട്ടശേഷം ഉത്തരയോട് മുകള്‍നിലയില്‍നിന്ന് ഫോണ്‍ എടുത്തുകൊണ്ടു വരാന്‍ ആവശ്യപ്പെട്ടതായിരുന്നു ആദ്യത്തെ ശ്രമം. അന്ന് ഉത്തര പാമ്പിനെകണ്ട് ഭയന്ന് ഉച്ചത്തില്‍ നിലവിളിച്ചതോടെ ചേരയാണ് എന്നുപറഞ്ഞ് വിശ്വസിപ്പിച്ച് പാമ്പിനെ ചാക്കില്‍ കയറ്റി. ഇതേ അണലിയെയാണ് മാര്‍ച്ച് രണ്ടിന് കടിപ്പിച്ചത്. ചാക്കിലായിരുന്ന അണലിയെ ഞെക്കി നോവിച്ചശേഷം ഉത്തര കിടന്ന കട്ടിലില്‍വച്ച് ചാക്കുതുറന്ന് കാലില്‍ കടിപ്പിച്ചു. മൂര്‍ഖനെകൊണ്ട് കടിപ്പിച്ചത് മെയ് ആറിനായിരുന്നു.

കസ്റ്റഡി കാലാവധിക്കുശേഷം സൂരജിനെയും രണ്ടാംപ്രതി സുരേഷിനെയും വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. സൂരജിന്റെ മാതാവ് രേണുക, സഹോദരി സൂര്യ എന്നിവരെ വീണ്ടും ചോദ്യം ചെയ്യും. സൂരജിന്റെ കുടുംബാംഗങ്ങള്‍ക്കെതിരേ ഗാര്‍ഹികപീഡന നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയില്‍ തിരികെ ഹാജരാക്കുന്ന മുറയ്ക്ക് വനംവകുപ്പ് കസ്റ്റഡി അപേക്ഷ നല്‍കും. വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് പ്രതികള്‍ക്കുമെതിരേ കേസെടുത്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →