കൊല്ലം: ഉത്തരയുടെ സ്വര്‍ണം പറമ്പില്‍ കുഴിച്ചിട്ട സ്ഥലം ഭര്‍ത്താവ് തന്നോട് വെളിപ്പെടുത്തിയിരുന്നുവെന്ന് രേണുക. ഉത്തരയുടെ കൊലക്കേസുമായി ബന്ധപ്പെട്ട് പ്രതി സൂരജിന്റെ മാതാവ് രേണുകയെയും സഹോദരി സൂര്യയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം രേണുക സമ്മതിച്ചത്. അറസ്റ്റിലാവുമെന്നു മനസ്സിലായപ്പോള്‍ സൂരജിനെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് സൂര്യയും സമ്മതിച്ചു. ഈ മാസം അഞ്ചിന് വീണ്ടുമെത്തണമെന്ന നിര്‍ദേശത്തോടെ ഇരുവരെയും വിട്ടയച്ചു. ഡിവൈഎസ്പി എ അശോകന്റെ നേതൃത്വത്തില്‍ രേണുകയെയും സൂര്യയെയും പ്രത്യേകമായിട്ടും പിന്നീട് ഒന്നിച്ചിരുത്തിയും ചോദ്യംചെയ്തു. ഇതിനുശേഷം സൂരജിന്റെയും സുരേന്ദ്രന്റെയും സാന്നിധ്യത്തിലും ചോദ്യം ചെയ്തശേഷമാണ് വിട്ടയച്ചത്.
പുരയിടത്തില്‍ കുഴിച്ചിട്ടിരുന്ന സ്വര്‍ണം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച രാത്രി കണ്ടെത്തി. ഇത് സുരേന്ദ്രനാണ് കുഴിച്ചിട്ടതെന്നും കുഴിച്ചിട്ട ഭാഗം തന്നെ കാണിച്ചുതന്നിരുന്നുവെന്നും രേണുക അന്വേഷണസംഘത്തോട് സമ്മതിച്ചു. മാര്‍ച്ച് രണ്ടിനാണ് സൂരജ് ബാങ്ക് ലോക്കറില്‍നിന്ന് സ്വര്‍ണം എടുത്തത്. ഉത്തരയെ ആശുപത്രിയിലാക്കിയപ്പോള്‍ താലിമാലയടക്കമുള്ള ആഭരണങ്ങളും സൂരജിന്റെ പക്കലുണ്ടായിരുന്നു. കുഞ്ഞിന്റേത് ഉള്‍പ്പടെ 37.5 പവന്റെ ആഭരണങ്ങളാണ് ഉണ്ടായിരുന്നത്.
അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായ ദിവസം സൂരജ് സ്വര്‍ണം സുരേന്ദ്രനെ ഏല്‍പ്പിക്കുകയായിരുന്നു. ഈ ആഭരണങ്ങളാണ് കുഴിച്ചിട്ടതെന്ന് സുരേന്ദ്രനും രേണുകയും അന്വേഷണ സംഘത്തോട് പറഞ്ഞു. കേസില്‍ ഇവരെ കൂട്ടുപ്രതികളായി ചേര്‍ക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം അഞ്ചിനുശേഷമേ എടുക്കുകയുള്ളൂവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.