ചവറ (കൊല്ലം): ടോക്കണില്ലാതെ മദ്യം ചോദിച്ചുവന്ന യുവാവ് ബിവറേജസ് ജീവനക്കാരനെ ബിയര്‍കുപ്പിക്ക് തലയ്ക്കടിച്ചു. പരിക്കേറ്റ ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീണ്ടകര ബെവ്കോ ചില്ലറവില്പന ശാലയിലെ ജീവനക്കാരന് മഹേന്ദ്രന്പിള്ളക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പ്രതിയായ നീണ്ടകര വെളിത്തുരുത്ത് സ്വദേശി അനിലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാവിലെ മദ്യം വാങ്ങാനെത്തിയ ഇയാളുടെ കൈയില്‍ ബുക്ക് ചെയ്ത ടോക്കണോ ആവശ്യമായ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല. രേഖകളില്ലാതെ മദ്യം തരില്ലെന്ന് അറിയിച്ച് ഇയാളെ ജീവനക്കാര്‍ തിരിച്ചയച്ചു.
ഉച്ചകഴിഞ്ഞ് ഇയാള്‍ വീണ്ടും മദ്യം ആവശ്യപ്പെട്ട് എത്തി. അപ്പോഴും ജീവനക്കാര്‍ മദ്യം നല്കാന് തയ്യാറായില്ല. ഇതില്‍ ക്ഷുഭിതനായ അനിലാല്‍ മദ്യവില്പനശാലയ്ക്കുള്ളിലേക്ക് ചാടിക്കയറി ബിയര്‍ കുപ്പിയെടുത്ത് മഹേന്ദ്രന്പിള്ളയുടെ തലയിലടിച്ചു. പരിക്കേറ്റ മഹേന്ദ്രന്പിള്ളയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. പ്രതിയെ നാട്ടുകാരെല്ലാവരും ചേര്‍ന്ന് തടഞ്ഞുവച്ച് പൊലീസിനു കൈമാറി.

