കള്ളനോട്ട് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കൂറുമാറി; പ്രതികളെ വെറുതെ വിട്ടു

കൊച്ചി: കള്ളനോട്ട് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കൂറുമാറിയതിനെ തുടര്‍ന്ന് പ്രതികളെ വെറുതെ വിട്ടു. അന്വേഷണ ഉദ്യോഗസ്ഥന്റെ കൂറുമാറ്റം പോലീസും പ്രതികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണെന്ന് സിംഗിള്‍ബെഞ്ച് നിരീക്ഷിച്ചു. മൊഴിമാറ്റിയ സംഭവത്തില്‍ ഉടന്‍ അന്വേഷണം നടത്താനും ആറുമാസത്തിനുള്ളില്‍ ഡിജിപിയുടെ നടപടി റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

1990 മാര്‍ച്ച് 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് 75 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ അച്ചടി മെഷീന്‍ ഉള്‍പ്പെടെ പിടികൂടുകയും എട്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രതികളില്‍ ശിവകാശി സ്വദേശികളായ യേശുദാസ്, സര്‍മകനി, സമ്പത്ത്, ആരോഗ്യദാസ്, ഗോപി, ഇടുക്കി സ്വദേശികളായ ജോണ്‍സണ്‍ ജോണി, തോമസ് എന്നിവര്‍ക്ക് മൂന്നുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എട്ടാംപ്രതിയെ വെറുതേ വിട്ടു.

ഈ വിധിക്കെതിരേ ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്‍കിയ അപ്പീലിലാണ് പ്രതികളെ ഹൈക്കോടതി വെറുതെവിട്ടത്. അഡീ. ജില്ലാ കോടതിയില്‍ വിചാരണയ്ക്കിടെ കേസിലെ മിക്ക സാക്ഷികളും കൂറുമാറുകയായിരുന്നു. സര്‍വീസില്‍നിന്നു വിരമിച്ച അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ സംഭവസ്ഥലത്ത് പ്രതികള്‍ ഉണ്ടായിരുന്നില്ലെന്നാണ് മൊഴിനല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →